ഉത്തര-ദക്ഷിണ കൊറിയകളുടെ ചർച്ച; റോഡ്, റെയിൽ ഗതാഗതം പുനഃസ്ഥാപിക്കും
text_fieldsസോൾ: ഇരു കൊറിയകളും തമ്മിലെ റോഡ്, റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ധാരണയിലെത്തി. തിങ്കളാഴ്ച ഉത്തര കൊറിയ-ദക്ഷിണ കൊറിയ ഉന്നത നേതൃത്വങ്ങൾ നടത്തിയ ചർച്ചയിലാണ് സുപ്രധാന നടപടിക്ക് തീരുമാനമെടുത്തത്.
ഉത്തര കൊറിയക്കെതിരായ ഉപരോധത്തിൽ ഇളവു വരുത്തുന്നത് ആണവ നിരായുധീകരണത്തിനുള്ള സമ്മർദത്തെ ലഘൂകരിക്കുമെന്ന യു.എസ് നിലപാട് നിലനിൽക്കെയാണ് കരാറിലെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ അമേരിക്കൻ പ്രതികരണം പുറത്തുവന്നിട്ടില്ല.
കൊറിയകളുടെ അതിർത്തിയിലെ സൈനികമുക്ത ഗ്രാമമായ പൻമുൻജോമിലാണ് ചർച്ച നടന്നത്. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും തമ്മിൽ മൂന്നാം ഉച്ചകോടിയിൽ എടുത്ത തീരുമാനപ്രകാരമാണ് നയതന്ത്ര ചർച്ച സംഘടിപ്പിച്ചത്.
സത്യസന്ധമായ ചർച്ചകളിലൂടെ ബന്ധം കൂടുതൽ വ്യാപിപ്പിക്കാനും ശക്തമാക്കാനും തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ ദക്ഷിണ കൊറിയൻ വക്താവ് പറഞ്ഞു. 1953 മുതൽ വിച്ഛേദിച്ച റോഡ്, റെയിൽ ഗതാഗതമാണ് പുനഃസ്ഥാപിക്കപ്പെടുന്നത്.
നവംബർ അവസാനത്തിലോ ഡിസംബർ ആദ്യത്തിലോ ആഘോഷമാക്കി പദ്ധതിയുടെ ഉദ്ഘാടനം നടത്താനും ധാരണയിലെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയൻ പുനരേകീകരണ മന്ത്രി ചോ മ്യോങ് ഗ്യോൻ, ഉത്തര കൊറിയൻ പുനരേകീകരണ വകുപ്പ് കമ്മിറ്റി മേധാവി റീ സൺ ഗ്യോൺ എന്നിവരാണ് ചർച്ചക്ക് നേതൃത്വം നൽകിയത്.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം പൂർത്തിയാവുന്നതുവരെ ഉപരോധത്തിൽ ഇളവു വരുത്തുന്നതിന് യു.എസിന് എതിർപ്പുണ്ട്. നേരേത്ത ദക്ഷിണ കൊറിയൻ തുറമുഖങ്ങളിൽ ഉത്തര കൊറിയൻ കപ്പലുകൾ പ്രവേശിക്കുന്നതിന് അനുമതി നൽകാനുള്ള നീക്കം യു.എസ് ഇടപെടലിനെ തുടർന്ന് ഒഴിവാക്കിയിരുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും കിമ്മും തമ്മിലെ രണ്ടാം കൂടിക്കാഴ്ച നവംബറിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആണവ നിരായുധീകരണം സംബന്ധിച്ച് പ്രായോഗിക നടപടികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.