കൊറിയകൾക്കിടയിൽ ചൊവ്വാഴ്ച ചർച്ച
text_fieldsസംഘർഷസാധ്യതകൾക്ക് അറുതിവരുത്തി സഹകരണത്തിെൻറ പാതയിലേക്ക് നീങ്ങുന്ന കൊറിയകൾക്കിടയിൽ ചർച്ചയുടെ വാതിൽ തുറന്ന് ഉത്തര കൊറിയ. ൈശത്യകാല ഒളിമ്പിക്സിന് മുന്നോടിയായി അടുത്തയാഴ്ച ചർച്ച നടത്താമെന്ന ദക്ഷിണകൊറിയയുടെ ആവശ്യം ഉത്തരകൊറിയ അംഗീകരിച്ചു. ഇരു കൊറിയകളും തമ്മിലുള്ള സമാധാനശ്രമങ്ങളിലെ സുപ്രധാനവഴിത്തിരിവാകുമെന്ന് കരുതുന്ന ചർച്ച ജനുവരി ഒമ്പതിന് അതിർത്തിഗ്രാമമായ പൻമുൻജോമിലാണ് നടത്തുന്നത്. രണ്ടുവർഷങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചക്ക് വഴിയൊരുങ്ങുന്നത്.
വിദേശകാര്യ-നയതന്ത്ര-സൈനികമേഖലകളിലെ ഉന്നതർ ചർച്ചയിൽ പെങ്കടുക്കും. എന്നാൽ, ആരൊക്കെയാണ് പെങ്കടുക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്തമാസം ഒമ്പതുമുതൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിൽ ഉത്തര കൊറിയൻ താരങ്ങളെ പെങ്കടുപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും മുഖ്യചർച്ച. അതിർത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളും ചർച്ചയിൽ വരും.
അതേസമയം, ചർച്ചപ്രഖ്യാപനം വന്നതിനുപിന്നാലെ അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിവന്ന സംയുക്ത സൈനികപരിശീലനം റദ്ദാക്കി. ശൈത്യകാല ഒളിമ്പിക്സിന് മുന്നോടിയായാണ് പരേഡ് ഉപേക്ഷിച്ചതെന്ന് വിശദീകരണമുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ നടപടികൾ. ഒളിമ്പിക്സിന് ശേഷം സൈനികപരിശീലനം പുനരാരംഭിക്കുമെന്ന് യു.എസ് പ്രതിരോധസെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. രണ്ടുവർഷമായി ഇരുരാജ്യങ്ങളും തമ്മിൽ മുടങ്ങിക്കിടന്നിരുന്ന ഹോട്ട്ലൈൻസംവിധാനം കഴിഞ്ഞദിവസം പുനഃസ്ഥാപിച്ചിരുന്നു. കൊറിയകൾ തമ്മിലുള്ള സൗഹൃദം വളരുന്നത് ആശങ്കയോടെയാണ് അമേരിക്ക കാണുന്നത്. ഒളിമ്പിക്സ്സഹകരണത്തിെൻറ പേരിൽ ഉത്തര കൊറിയക്ക് വിട്ടുവീഴ്ച ചെയ്തുകൊടുത്താൽ ഖേദിക്കേണ്ടിവരുമെന്ന് അമേരിക്ക കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചക്ക് തയാറാണെന്ന് ഉത്തര കൊറിയ അറിയിച്ചത്. 2015 ഡിസംബറിലാണ് അവസാനമായി ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ച് സൗഹൃദാന്തരീക്ഷം ഉണ്ടായാൽ ദക്ഷിണ കൊറിയയെയും അമേരിക്കയെയും തമ്മിൽ അകറ്റാൻ ഉത്തര കൊറിയ ശ്രമിക്കുമെന്നതാണ് ട്രംപ് ഭരണകൂടത്തിെൻറ ആശങ്ക. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡൻറ് മൂൺ ജെ ഇന്നിന് അമേരിക്കയോട് വലിയ താൽപര്യമില്ലാത്തതും യു.എസിെൻറ ആശങ്കകൾക്ക് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.