ഉത്തര കൊറിയ-ദക്ഷിണ കൊറിയ ചർച്ച ഇന്ന്
text_fieldsസോൾ: പരസ്പരം പോരടിച്ച് കഴിയുന്ന ഉത്തര-ദക്ഷിണ െകാറിയകൾ വർഷങ്ങൾക്ക് ശേഷം ചൊവ്വാഴ്ച ചർച്ചക്കിരിക്കും. ഉത്തര കൊറിയയുടെ ആണവ-മിസൈൽ പരീക്ഷണങ്ങൾ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കകൾക്കിടെ നടക്കുന്ന ചർച്ച സമാധാനശ്രമങ്ങൾക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണ കൊറിയൻ അതിർത്തിയിലെ സൈനിക വിമുക്ത ഗ്രാമത്തിലാണ് സംഭാഷണം നടക്കുന്നത്.
വിൻറർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അജണ്ടയിൽ പ്രധാനമായും ഉള്ളതെങ്കിലും മറ്റു വിഷയങ്ങളും ചർച്ചയിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു കൊറിയകളിലായി കഴിയുന്ന കുടുംബാംഗങ്ങൾക്ക് പരസ്പരം കാണുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിന് ഉത്തര കൊറിയയോട് അഭ്യർഥിക്കുമെന്ന് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം ഗുണകരമായ ഫലങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു.
അതിനിടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ഫോൺ സംഭാഷണത്തിന് സന്നദ്ധമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കാമ്പ് ഡേവിഡിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ചർച്ച അനുകൂലമായാൽ അത് മാനവികതക്ക് ഗുണകരമാകുമെന്നും പ്രസിഡൻറ് പ്രതികരിച്ചു.
പുതുവത്സരദിനത്തിൽ കിം ജോങ് ഉൻ നടത്തിയ പ്രസ്താവനയും തുടർന്ന് ട്രംപ് നൽകിയ മറുപടിയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ വർധിപ്പിച്ചിരുന്നു. ഇതിെൻറ അലയൊലികൾ അടങ്ങുന്നതിന് മുമ്പാണ് ട്രംപ് സംഭാഷണത്തിന് സന്നദ്ധമാണെന്ന് വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ ഉത്തര കൊറിയൻ നിലപാട് പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.