കൊറിയൻ യുദ്ധത്തിന് അവസാനം; ചരിത്രം കുറിച്ച് കിം-മൂൺ കൂടികാഴ്ച
text_fieldsഗൊയാങ് (ദക്ഷിണ കൊറിയ): ചരിത്രത്തിലേക്കൊരു ഹസ്തദാനം; ആറുപതിറ്റാണ്ടായി യുദ്ധഭീഷണിയുടെ തീെപ്പാരിയിൽ പുകഞ്ഞുകിടന്ന കൊറിയൻ മുനമ്പ് നിമിഷം കൊണ്ട് സമാധാനത്തിലേക്കുണർന്നു.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമാണ് അതിർത്തി ഗ്രാമമായ പാൻമുൻജോമിൽ പരസ്പരം കൈകൊടുത്ത് സംഘർഷത്തിന് മുക്തി നൽകിയത്. ഒരു ദശകത്തിനുശേഷമാണ് ഇരുരാജ്യങ്ങളും ഒൗപചാരിക ചർച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയൻ ഭരണാധികാരി ദക്ഷിണ കൊറിയയിൽ എത്തുന്നത്.
സമ്പൂർണ ആണവനിരായുധീകരണത്തിലൂടെ കൊറിയൻ മേഖല ആണവായുധമുക്തമാക്കുമെന്നും കൊറിയൻ യുദ്ധത്തിന് ഇൗ വർഷം സ്ഥായിയായ അന്ത്യമുണ്ടാക്കുമെന്നും ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൊറിയൻ മേഖലയിൽനിന്ന് ഒരു വർഷത്തിനകം എല്ലാ ആണവായുധങ്ങളും നീക്കും. ഇതിന് അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ തേടും. യുദ്ധം ഒൗദ്യോഗികമായി അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ച നടത്തും.
യുദ്ധം അവസാനിച്ചതിെൻറ പ്രഖ്യാപനത്തിന് ചൈനയെക്കൂടി ഉൾപെടുത്തി വേദിയുണ്ടാക്കും. പതിവായി യോഗം ചേരാനും ടെലിഫോൺ സംഭാഷണം നടത്താനും ധാരണയായി. ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ആഗസ്റ്റ് 15ന് കുടുംബ സമാഗമം പരിപാടിയും നടത്തും. കഴിഞ്ഞകാലത്തെ കരാറുകളുടെ ഗതി പാൻമുൻജോം കരാറിനുണ്ടാകില്ലെന്ന് കിം പറഞ്ഞു. ഏതു സമയത്തും ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ സന്ദർശിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഉത്തര കൊറിയ സന്ദർശിക്കുമെന്ന് മൂണും കൂട്ടിച്ചേർത്തു.
സംഘർഷത്തിെൻറ ചരിത്രത്തിന് അന്ത്യം കുറിക്കാനാണ് താൻ എത്തിയതെന്ന് കിം പറഞ്ഞു. ‘പരസ്പരം പോരടിക്കാൻ ഒരു കാരണവും കാണുന്നില്ല, കാരണം ഞങ്ങൾ ഒരു രാഷ്ട്രമാണ്’; സംയുക്ത പ്രസ്താവനയിൽ പറയുന്നു. അത്യന്തം സൗഹാർദാന്തരീക്ഷത്തിലായിരുന്നു ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ച.
ഫെബ്രുവരിയിൽ ദക്ഷിണ കൊറിയയിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിൽ പെങ്കടുക്കാൻ ഉത്തര കൊറിയ തയാറായതോടെയാണ് സമാധാനചർച്ചക്ക് വേഗമേറിയത്. ഇതിനുപുറകെ ഇരുനേതാക്കളും ഹോട്ട്ലൈൻ ബന്ധം പുനഃസ്ഥാപിച്ചിരുന്നു.
1953ൽ കൊറിയൻ യുദ്ധത്തിന് താൽക്കാലിക വിരാമമിെട്ടങ്കിലും ഇരുരാജ്യങ്ങളും സംഘർഷപാതയിലായിരുന്നു. 1971ലായിരുന്നു യുദ്ധശേഷമുള്ള ആദ്യ ഉച്ചകോടി. സോവിയറ്റ് യൂനിയെൻറ പതനേശഷം വീണ്ടും ചർച്ച നടന്നു. കൊറിയൻ ഉപദ്വീപിനെ ആണവമുക്തമാക്കാൻ 1992ൽ സംയുക്ത കരാർ ഒപ്പിെട്ടങ്കിലും ഫലപ്രദമായില്ല.
കൊറിയകൾ തമ്മിലുള്ള ആദ്യ ഒൗദ്യോഗിക ഉച്ചകോടി 2000 ജൂണിലും രണ്ടാമത്തേത് 2007 ഒക്ടോബറിലുമായിരുന്നു. രണ്ടുവട്ടവും രാഷ്ട്രത്തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടന്നെങ്കിലും രാഷ്ട്രീയ താൽപര്യങ്ങളോടെയുള്ള യു.എസ് ഇടപടൽ ഇരുരാജ്യങ്ങളെയും വിരുദ്ധ ചേരികളിൽ ഉറപ്പിച്ചുനിർത്തി. രാജ്യാന്തര ഉപരോധം അനുരഞ്ജനനീക്കത്തിന് ഉത്തര കൊറിയക്കുമേൽ സമ്മർദം ശക്തമാക്കിയിരുന്നു.
‘നല്ല കാര്യങ്ങൾ സംഭവിക്കുന്നു, പക്ഷേ; കാലത്തിനുമാത്രമേ പറയാനാകൂ’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദ്യ ട്വീറ്റ്. തൊട്ടുപുറകേ ‘കൊറിയൻ യുദ്ധം അവസാനിച്ചു’ എന്ന ട്വീറ്റ്. എല്ലാ അമേരിക്കക്കാർക്കും കൂടിക്കാഴ്ചയിൽ അഭിമാനിക്കാമെന്നും ചൈനീസ് പ്രസിഡൻറിന് പ്രത്യേക നന്ദിയെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തെ ചൈനയും റഷ്യയും ജപ്പാനും സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.