വിദേശ മാധ്യമങ്ങളെ സാക്ഷിയാക്കി ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: രണ്ടാഴ്ചക്കകം പംഗീരിയിലെ ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ തീരുമാനത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു.
ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നും ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച അടുത്തമാസം 12ന് സിംഗപ്പൂരിൽ നടക്കാനിരിക്കുന്നതിനു മുന്നോടിയായാണ് നടപടി.
വടക്കു കിഴക്കൻ മേഖലയിലെ ആണവ പരീക്ഷണശാലയിലെ എല്ലാ തുരങ്കങ്ങളും നശിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഉത്തര കൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ റിപ്പോർട്ട് ചെയ്തു. മേയ് 23നും 25നുമിടെ നടക്കുന്ന പ്രത്യേക പരിപാടിക്കുശേഷമാവും പരീക്ഷണശാലകൾ അടച്ചുപൂട്ടുക. ആണവപരീക്ഷണം നടത്തുന്ന തുരങ്കങ്ങൾ സ്ഫോടനത്തിൽ തകർക്കും. നിരീക്ഷണസംവിധാനങ്ങളും ഗവേഷണകേന്ദ്രങ്ങളും നീക്കംചെയ്യും. ഇവിടെയുള്ള ഗവേഷകരെയും ഗാർഡുകളെയും മാറ്റും.
നടപടികൾസുതാര്യമായിരിക്കും. ഇതെല്ലാം യുഎസ്, ബ്രിട്ടൻ, ദക്ഷിണകൊറിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർക്കു നേരിട്ടു റിപ്പോർട്ട് ചെയ്യാൻ അനുവാദം നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മേയ് അവസാനം ആണവ പരീക്ഷണശാല അടച്ചുപൂട്ടുമെന്ന് കിം നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇൗ പരീക്ഷണശാല ഭാഗികമായി തകർന്നിരുന്നു. അതേസമയം ആണവ പരീക്ഷണശാലകൾ അടച്ചുപൂട്ടുന്നതോടെ ഉത്തര കൊറിയ ആണവ നിരായുധീകരണത്തിന് തയാറായി എന്ന് അർഥമാക്കേണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉത്തര കൊറിയയുടെ പ്രധാനപ്പെട്ട ആണവ പരീക്ഷണശാലയാണ് പംഗീരിയിലേത്.
2006 മുതൽ ഇവിടെനിന്നാണ് ആറ് ആണവ പരീക്ഷണങ്ങളും നടത്തിയത്. 2017 സെപ്റ്റംബറിലാണ് ഏറ്റവും ഒടുവിലായി പരീക്ഷണം നടന്നത്. അതിനുശേഷമാണ് ആണവ പരീക്ഷണശാല ഭാഗികമായി തകർന്നത്. ഉത്തരകൊറിയയുടെ ആണവവികസനം സാധ്യമായതിനാൽ ഇനി ആണവപരീക്ഷണ ശാലയുടെ ആവശ്യമില്ലെന്നാണ് കിമ്മിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.