ആണവപരീക്ഷണശാല തകർത്ത് ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: കൊറിയൻ മുനമ്പിൽ ഉടലെടുത്ത സംഘർഷത്തിന് പരിഹാരമായി പംഗീരിയിലെ ആണവപരീക്ഷണ കേന്ദ്രം സ്ഫോടനത്തിൽ തകർത്ത് ഉത്തരകൊറിയ വാക്കുപാലിച്ചു. ഉത്തരകൊറിയയുടെ ആറ് ആണവ പരീക്ഷണങ്ങൾ നടന്നത് ഇവിടെ വെച്ചായിരുന്നു.
ഒമ്പതു മണിക്കൂർ നീണ്ടുനിന്ന സ്ഫോടനങ്ങൾക്കൊടുവിലായിരുന്നു നിലയത്തിെൻറ പ്രവർത്തനം അവസാനിപ്പിച്ചത്. പർവതം തുരന്ന് നിർമിച്ച ആണവ നിലയത്തിൽ മൂന്ന് തുരങ്കങ്ങളാണുള്ളത്. പർവതത്തിന്റെ സമീപപ്രദേശങ്ങളിൽ ആണവകേന്ദ്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇവയും തകര്‍ത്തു.
പ്രാദേശിക സമയം രാവിലെ 11നായിരുന്നു ആദ്യ സ്ഫോടനം. ആണവകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ തുരങ്കമാണ് ആദ്യം തകർത്തത്. റേഡിയോ ആക്റ്റീവ് വികിരണങ്ങൾ പുറത്തേക്കെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സമീപപ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകർത്തത്.
ആണവ നിലയം അടച്ചുപൂട്ടുന്ന കാര്യം ഏറെ അപ്രതീക്ഷിതമായാണ് ഉത്തരകൊറിയ പ്രഖ്യാപിച്ചത്. തീരുമാനം യു.എസ് സ്വാഗതം ചെയ്തിരുന്നു. ആണവനിലയം അടച്ചുപൂട്ടുന്ന ചടങ്ങിന് സാക്ഷിയാകാൻ യു.എസിൽ നിന്നുൾപ്പെടെയുള്ള വിദേശമാധ്യമ സംഘങ്ങളുമുണ്ടായിരുന്നു. ഉഗ്രസ്ഫോടനം നടന്നതായി മാധ്യമപ്രവർത്തകർ പറഞ്ഞു. അതേസമയം, പരിപാടിയിലേക്ക് അന്താരാഷ്ട്ര ആണവ നിരീക്ഷണസംഘത്തെ ഉത്തരകൊറിയ ക്ഷണിച്ചിരുന്നില്ല. 2017 സെപ്തംബറിൽ ആണവനിലയം ഭാഗികമായി തകർന്നുവെന്നാണ് ശാസ്ത്രസംഘത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.