ഉച്ചകോടിയെ പ്രകീർത്തിച്ച് ഉ.കൊറിയൻ മാധ്യമങ്ങൾ
text_fieldsപ്യോങ്യാങ്: ചൊവ്വാഴ്ച സിംഗപ്പൂരിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നും തമ്മിൽ നടന്ന ഉച്ചകോടിയെ വാനോളം പ്രശംസിച്ച് ഉത്തര കൊറിയൻ ദേശീയ മാധ്യമം. ട്രംപിൽനിന്ന് അവകാശങ്ങൾ നേടിയെടുത്ത കിമ്മിെൻറ വിജയമാണ് ഉച്ചകോടിയിലൂടെ തെളിഞ്ഞതെന്ന് ദേശീയ മാധ്യമം വിലയിരുത്തി. നൂറ്റാണ്ടിെൻറ കൂടിക്കാഴ്ച എന്ന തലക്കെട്ടിലാണ് ഒന്നാം പേജിൽ പാർട്ടിയുടെ ഒൗദ്യോഗിക മുഖപത്രമായ റൊഡോങ് സിൻമൻ വാർത്ത നൽകിയത്.
കൊറിയൻ ഉപദ്വീപിൽ ദക്ഷിണ കൊറിയയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസം നിർത്താമെന്നും ഉത്തര കൊറിയക്കെതിരായ ഉപേരാധങ്ങൾ പിൻവലിക്കാമെന്നും സുരക്ഷ ഉറപ്പുനൽകാമെന്നും ട്രംപ് താൽപര്യം അറിയിച്ചിരിക്കുന്നു. കൊറിയൻ മേഖലയിൽ സുസ്ഥിര സമാധാനം സ്ഥാപിക്കുന്നതിനായി പ്രഖ്യാപിച്ച തത്വങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന് ഇരുരാഷ്ട്രത്തലവന്മാരും ധാരണയിലെത്തി -ഇങ്ങനെ പോകുന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ (കെ.സി.എൻ.എ) റിപ്പോർട്ട്. ഇതേ റിപ്പോർട്ട് പിന്നീട് ഉത്തര കൊറിയയുടെ സുപ്രധാന വാർത്ത അവതാരകയായ രി ചുൻ ഹീ ദേശീയ ടെലിവിഷനിൽ വായിക്കുകയും ചെയ്തു. 75കാരിയായ ഇൗ മുത്തശ്ശിയാണ് രാജ്യത്ത് സുപ്രധാന കാര്യങ്ങൾ സംഭവിക്കുേമ്പാൾ ആ വിവരം ഉത്തര കൊറിയയെ അറിയിക്കുന്നത്. ട്രംപിെൻറയും കിമ്മിെൻറയും ആറു ചിത്രങ്ങൾ നിറച്ചാണ് ബുധനാഴ്ച റൊഡോങ് സിൻമൻ പുറത്തിറങ്ങിയത്.
കിം േജാങ് ഉന്നിെൻറ പടം അപൂർവമായി മാത്രമേ ഉത്തര കൊറിയൻ മാധ്യമങ്ങൾ നൽകാറുള്ളൂ. ഇക്കുറി അവർ പതിവു ചര്യകൾ തെറ്റിച്ചു. ഇരുരാജ്യങ്ങളുടെയും കൊടികളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും പത്രം പ്രാധാന്യപൂർവം നൽകി. സാമ്രാജ്യവാദിയായ കൊള്ളത്തലവൻ എന്നും അസ്തിത്വത്തെ കാർന്നുതിന്നുന്ന അർബുദമെന്നുമാണ് മുമ്പ് പത്രം ട്രംപിനെ വിശേഷിപ്പിച്ചിരുന്നതെന്നോർക്കണം. ഉച്ചഭക്ഷണം കഴിച്ച് ട്രംപും കിമ്മും ഒന്നിച്ചുവരുന്നത് ആഴമേറിയ ഉറ്റസുഹൃത്തുക്കളെ പോലെയാണെന്നും കെ.എ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.