ട്രംപിനെ തള്ളി മുസ്ലിം ലോകം
text_fieldsഇസ്തംബുൾ: ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനം തള്ളി ഇസ്ലാമിക രാജ്യ സംഘടന (ഒ.െഎ.സി). ബുധനാഴ്ച തുർക്കി നഗരമായ ഇസ്തംബുളിൽ ചേർന്ന അസാധാരണ യോഗമാണ് ഏകകണ്ഠമായി തീരുമാനമെടുത്തത്. വിഷയത്തിൽ മുസ്ലിം ലോകത്തെ രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ശക്തമായ പ്രതികരണമറിയിക്കണമെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത സെക്രട്ടറി ജനറൽ യൂസുഫ് അൽഉതൈമിൻ പറഞ്ഞു. ‘ട്രംപിെൻറത് രാജ്യാന്തര നിയമത്തിെൻറ ലംഘനമാണ്. ലോക മുസ്ലിംകളുടെ വികാരങ്ങളോടുള്ള പ്രകോപനവുമാണ്. മേഖലയിൽ മാത്രമല്ല, ആഗോള വ്യാപകമായും അസ്ഥിരത സൃഷ്ടിക്കാനേ നീക്കം ഉപകരിക്കൂ’ -അദ്ദേഹം പറഞ്ഞു.
ട്രംപിെൻറ പ്രഖ്യാപനത്തോടെ ഫലസ്തീൻ വിഷയത്തിൽ മധ്യസ്ഥെൻറ റോൾ സ്വയം അസാധുവാക്കിയതായി നേരത്തെ സംസാരിച്ച ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. കിഴക്കൻ ജറൂസലമിനെ ഫലസ്തീെൻറ തലസ്ഥാനമായി ലോകം അംഗീകരിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഡിസംബർ ആറിനാണ് ട്രംപ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച് പ്രഖ്യാപനം നടത്തിയത്. ഇത് മുസ്ലിം ലോകത്ത് വ്യാപക പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് 57 അംഗ മുസ്ലിം രാജ്യ സംഘടന അസാധാരണ യോഗം വിളിച്ചുചേർത്തത്. ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി തന്നെ തുടരുമെന്ന് ഉച്ചകോടിയിൽ മഹ്മൂദ് അബ്ബാസ് പറഞ്ഞു.
മുസ്ലിം, ക്രിസ്ത്യൻ, ജൂത വിശ്വാസികൾ ഒരുപോലെ വിശുദ്ധ ഭൂമിയായി പരിഗണിക്കുന്ന ജറൂസലം 1967ഒാടെയാണ് സമ്പൂർണമായി ഇസ്രായേൽ അധിനിവേശത്തിനു കീഴിലാകുന്നത്. 1980ൽ നഗരത്തെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചിരുന്നില്ല. അവിഭക്ത ജറൂസലമിനെ ആദ്യമായി അംഗീകരിക്കുന്ന രാജ്യമാണ് അമേരിക്ക. യൂറോപ്പിെൻറ പിന്തുണ തേടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം യൂറോപ് സന്ദർശിച്ചിരുന്നെങ്കിലും നിരാശയോടെ മടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് സമ്മർദമേറ്റി മുസ്ലിം ലോകം ഒറ്റക്കെട്ടായി പ്രതികരണമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.