ഉസാമ ബിൻ ലാദിൻ കശ്മീരിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്
text_fieldsന്യൂയോർക്: കശ്മീരിലെ സ്ഥിതിഗതികളും മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പാക്-അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ വിചാരണയും അൽഖാഇദ മേധാവിയായിരുന്ന ഉസാമ ബിൻ ലാദിൻ സുസൂക്ഷ്മം നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. യു.എസ് രഹസ്യാന്വേഷണ ഏജൻസി സി.ഐ.എ പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുത്തൽ. 2011 മേയിൽ ഉസാമ വെടിയേറ്റുമരിച്ച ആബട്ടാബാദിെല ഒളികേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത 4.7 ലക്ഷം രഹസ്യരേഖകളാണ് സി.ഐ.എ പുറത്തുവിട്ടത്.
ഉസാമയുടെ മകെൻറ വിവാഹ വിഡിയോയും ഡയറികളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലശ്കർ ഭീകരൻ ഡേവിഡ് ഹെഡ്‍ലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിൻ ലാദിൻ വിടാതെ ശ്രദ്ധിച്ചിരുന്നുവെന്നാണ് രേഖകളിലുള്ളത്. അമേരിക്കയിൽ ജയിലിലാണ് ഇപ്പോൾ ഹെഡ്‍ലി. ഹെഡ്ലിയുടെ വിചാരണ നടപടികളുടെ റിപ്പോർട്ടുകൾ അടങ്ങിയ പ്രമുഖ ഇന്ത്യൻ പ്രസിദ്ധീകരണങ്ങളും ഉസാമ സ്ഥിരമായി വായിച്ചിരുന്നു. ഉസാമയുടെ കമ്പ്യൂട്ടറിലും ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും വാർത്തകളും സൂക്ഷിച്ചിരുന്നു.
ഹെഡ്ലിയെക്കുറിച്ച് 2009 നവംബർ 16ന് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനം കമ്പ്യൂട്ടറിൽനിന്ന് കണ്ടെടുത്തിരുന്നു. പാകിസ്താനെ അസ്ഥിരപ്പെടുത്താൻ അൽഖാഇദ താലിബാനുമായി സഹകരിക്കുന്നതിനെക്കുറിച്ച് 2010 ഫെബ്രുവരിയിൽ പി.ടി.െഎ പ്രസിദ്ധീകരിച്ച വാർത്തയും കമ്പ്യൂട്ടറിൽനിന്ന് കണ്ടെത്തുകയുണ്ടായി. റിപ്പോർട്ടുകളിലെ ചില ഭാഗങ്ങൾ അടിവരയിട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾക്കു പുറമെ ബ്രിട്ടനിലെ പ്രസിദ്ധീകരണങ്ങളുടെ പകർപ്പുകളും ബിൻ ലാദിൻ സൂക്ഷിച്ചിരുന്നു.
പകർപ്പവകാശമുള്ള ‘ദ സ്റ്റോറി ഓഫ് ഇന്ത്യ’ ഉൾപ്പെടെ നിരവധി വിഡിയോകളും ഉണ്ട്. കശ്മീരുമായി ബന്ധപ്പെട്ട വാർത്തകളും ഇതുപോലെ കൃത്യമായി പിന്തുടർന്നിരുന്നതായി സി.ഐ.എ രേഖകൾ വ്യക്തമാക്കുന്നു. കശ്മീരിനെക്കുറിച്ച് ഇക്കണോമിക്സ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ പകർപ്പുകളും സി.െഎ.എക്ക് ലഭിച്ചിരുന്നു. അതുപോലെ ജാക്കിജാൻ ടെലിവിഷൻ ഷോയും കുട്ടികൾക്കുള്ള സിനിമകളും ഉസാമയുടെ കൈവശമുണ്ടായിരുന്നത്രെ. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിർദേശപ്രകാരമാണ് സി.െഎ.എ രേഖകൾ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.