പാക് നാവികസേനക്ക് ചൈന രണ്ടു കപ്പലുകള്‍ നല്‍കി
text_fieldsഇസ് ലാമാബാദ്: പാക് നാവികസേനക്ക് ചൈന ശനിയാഴ്ച രണ്ടു കപ്പലുകള്‍ കൈമാറി. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഗവാദര്‍ തുറമുഖത്തിന്‍െറയും മറ്റ് ചരക്കു പാതകളുടെയും സുരക്ഷക്കാണ് കപ്പലുകള്‍ നല്‍കിയത്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ഗവാദര്‍ തുറമുഖം സ്ഥിതിചെയ്യുന്നത്.
ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ ഗവാദര്‍ തുറമുഖമാണ് ചൈനയെ പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നത്. ഗവാദര്‍ തുറമുഖത്തിനു സമീപത്തുള്ള ഹിന്‍ഗോള്‍, ബാസോള്‍ എന്നീ നദികളുടെ പേരാണ് കപ്പലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. പാക് ഫ്ളീറ്റ് വൈസ് അഡ്മിറല്‍ കമാന്‍ഡര്‍ ആരിഫുല്ല ഹുസൈനിയാണ് കപ്പലുകള്‍ ചൈനയില്‍നിന്ന് സ്വീകരിച്ചത്. ചൈനീസ് കപ്പലുകള്‍ പാക് നാവികസേനയുടെ ഭാഗമായതായും ഇതിന്‍െറ പശ്ചാത്തലത്തില്‍ സേന കൂടുതല്‍ ശക്തമായതായും അദ്ദേഹം പറഞ്ഞു.
ചൈനീസ് സര്‍ക്കാര്‍ പാകിസ്താന് രണ്ടു കപ്പലുകള്‍ കൂടി നല്‍കും. ബലൂചിസ്താനിലെ ജില്ലകളായ ദാഷ്ത്, സോബ് എന്നീ പേരുകളിലായിരിക്കും കപ്പലുകള്‍ അറിയപ്പെടുക. ഗവാദര്‍ തുറമുഖത്തിനു സമീപത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി പാകിസ്താന്‍ സൈന്യത്തില്‍ നേരത്തേ പുതിയ വിഭാഗം തുടങ്ങിയിരുന്നു. 2016 നവംബറില്‍ പുതുക്കിപ്പണിത ശേഷം പ്രവര്‍ത്തനമാരംഭിച്ച ഗവാദര്‍ തുറമുഖത്തിന്‍െറ പ്രവര്‍ത്തനാധികാരം ചൈനക്കാണ്. അറബിക്കടലിലേക്ക് ഗവാദര്‍ വഴി പുതിയ റോഡ്, റെയില്‍വേ ശൃംഖലയും ചൈന നിര്‍മിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.