പാക് വിമാനാപകടം; പൈലറ്റ് മുന്നറിയിപ്പുകൾ അവഗണിച്ചു
text_fieldsകറാച്ചി: പാകിസ്താനിൽ കഴിഞ്ഞദിവസം തകർന്ന വിമാനത്തിെൻറ പൈലറ്റ് എയർ ട്രാഫിക് കൺട്രോളർമാരുടെ (എ.ടി.സി) മുന്നറിയിപ്പ് മൂന്നുതവണ അവഗണിച്ചതായി റിപ്പോർട്ട്. ലാൻഡിങ്ങിനുമുമ്പ് ഉയരം, വേഗത തുടങ്ങിയ കാര്യങ്ങളിൽ നൽകിയ നിർദേശമാണ് അവഗണിക്കപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് (പി.ഐ.എ) വിമാനം കറാച്ചി വിമാനത്താവളത്തിനടുത്ത് തകർന്നത്. ലാഹോറിൽനിന്ന് കറാച്ചിയിലേക്കുള്ള എയർബസ് എ-320 വിമാനം ജിന്ന വിമാനത്താവളത്തിനടുത്ത് 10,000 അടി ഉയരത്തിലായിരുന്നു. ഇത് 7000 അടിയിലായിരിക്കണമെന്ന് അപ്പോൾതന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചിരുന്നു. വിമാനത്താവളത്തിലെത്താൻ അപ്പോൾ 15 നോട്ടിക്കൽ മൈൽ മാത്രമാണുണ്ടായിരുന്നത്. തൊട്ടുപിന്നാലെ, വിമാനത്താവളത്തിന് 10 നോട്ടിക്കൽ മൈൽ അടുത്തെത്തിയപ്പോൾ 3000 അടി ഉയരം വേണ്ടിടത്ത് വിമാനം 7000 അടി ഉയരത്തിലായിരുന്നു. അപ്പോഴും ജാഗ്രത നിർദേശം നൽകി. എന്നാൽ, രണ്ടു തവണയും പ്രശ്നമില്ലെന്നും താൻ കൈകാര്യം ചെയ്യുമെന്നും ലാൻഡിങ്ങിന് തയാറെടുക്കുകയാണെന്നുമാണ് പൈലറ്റ് പറഞ്ഞത്.
ആദ്യം ലാൻഡിങ്ങിന് ശ്രമിച്ചപ്പോൾ മൂന്ന് തവണ എൻജിനുകൾ റൺവേയിൽ ഉരഞ്ഞു. ഇത് എണ്ണ ടാങ്കും ഫ്യൂവൽ പമ്പും തകരാറാകുന്നതിലേക്ക് നയിച്ചിരിക്കാം. ഇതുമൂലം വിമാനം വീണ്ടും പൊക്കാൻ ആവശ്യമായ ശക്തിയോ വേഗതയോ കിട്ടിയിരിക്കില്ല. ആദ്യത്തെ ലാൻഡിങ് പരാജയപ്പെട്ടതോടെ, ഒരിക്കൽകൂടി വട്ടംകറങ്ങി വരാൻ പൈലറ്റ് സ്വന്തം നിലക്ക് തീരുമാനിച്ചു. ഈ സമയത്താണ് വിമാനമിറങ്ങാനുള്ള ലാൻഡിങ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് പൈലറ്റ് എ.ടി.സിയിൽ അറിയിക്കുന്നത്.അപകടത്തിൽ 97 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.