മസൂദ് അസ്ഹർ പാകിസ്താനിലുണ്ട്, തെളിവുണ്ടെങ്കിൽ നടപടി സ്വീകരിക്കാം - പാക് വിദേശകാര്യ മന്ത്രി
text_fieldsലാഹോർ: ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യ മന്ത്രി. മസൂദ് അസ്ഹർ പാകിസ്താനിലുണ്ട്. തനിക്ക് ലഭിച്ച വിവരമനുസരിച്ച് മസൂദ് അസുഖ ബാധിതനാണ്. അസുഖം മൂലം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറൈശി പറഞ്ഞു.
പാകിസ്താൻ കോടതി അംഗീകരിക്കുന്ന തരത്തിൽ ശക്തമായ തള്ളിക്കളയാനാകാത്ത തെളിവുകൾ ഇന്ത്യ കൈമാറുകയാണെങ്കിൽ അസ്ഹറിനെതിരെ നടപടി സ്വീകരിക്കുമെന്നും ഖുറൈശി കൂട്ടിച്ചേർത്തു.
സമാധാനത്തിനുള്ള എല്ലാ വഴികളും പാക് സർക്കാർ തുറന്നിരിക്കുകയാണ്. അസ്ഹറിനെതിരായ തെളിവുകൾ അവരുടെ കൈയിലുണ്ടെങ്കിൽ ചർച്ചകൾ നടത്തി കാര്യങ്ങൾ പറയുക. ചർച്ചകൾക്ക് തുടക്കം കുറിക്കൂ. ഉചിതമായ നടപടികൾ സ്വീകരിക്കാം. ഇന്ത്യൻ ൈപലറ്റ് അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള്ള തീരുമാനം സമാധാന സന്ദേശമാണ്. അക്രമങ്ങൾ അവസാനിപ്പിക്കാൻ സന്നദ്ധമാണെന്ന പാകിസ്താെൻറ സന്ദേശമാണിത്. എത്രയും പെെട്ടന്ന് പൈലറ്റിനെ തിരികെ നൽകാൻ തയാറാണ് - ഖുറൈശി പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ വേണ്ടി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോട് നന്ദി പറയുന്നു. ദശകങ്ങളായി യു.എസും പാകിസ്താനും നല്ല ബന്ധത്തിലാണ്. അഫ്ഗാനിസ്താനിൽ സമാധാനവും സ്ഥിതരയും കൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തിലുമാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ഫോൺ സംഭാഷണം നടത്തി സ്ഥിതിവിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങൾ യു.എസ് ശ്രദ്ധിക്കുകയും അവ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിൽ പാക് സർക്കാർ സന്തുഷ്ടരാണ്. നിലവിൽ കാര്യങ്ങളിൽ സ്വാഗതാർഹമായ പുരോഗതിയാണുണ്ടാകുന്നതെന്നും ഖുറൈശി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.