നിയമ ഭേദഗതി: പാകിസ്താനിൽ പ്രതിഷേധം തുടരുന്നു
text_fieldsഇസ്ലാമാബാദ്: നിയമഭേദഗതിയിൽ മതനിന്ദ ആരോപിച്ച് പാകിസ്താനിൽ മതസംഘടനകളുടെ പ്രക്ഷോഭം തുടരുന്നു. നിയമമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് റോഡുകൾ ഉപരോധിച്ച് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള പൊലീസിെൻറ ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയും സൈനിക മേധാവി ഖമർ ജാവേദ് ബാജ്വയും ഞായറാഴ്ച ഉന്നതതല കൂടിക്കാഴ്ച നടത്തി. പ്രശ്നം പരിഹരിക്കാൻ നിയമമന്ത്രി സാഹിദ് ഹാമിദ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ഹാമിദിെൻറ വസതിയും ആക്രമിച്ചു. ആക്രമണം നടന്ന സമയത്ത് അദ്ദേഹത്തിെൻറ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് രണ്ടുദിവസം അവധി നൽകി.
കോടതി ഉത്തരവനുസരിച്ചാണ് ശനിയാഴ്ച പ്രക്ഷോഭകരെ നേരിടാൻ പൊലീസ് രംഗത്തിറങ്ങിയത്. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. പൊലീസ് വാഹനങ്ങൾ കത്തിച്ചും കല്ലെറിഞ്ഞും അവർ തിരിച്ചടിച്ചതോടെ ശനിയാഴ്ച വൈകീേട്ടാടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ നേരിടാൻ സർക്കാർ സഹായം ആവശ്യപ്പെട്ടിട്ടും സൈന്യം നിശ്ശബ്ദത പാലിക്കുകയാണ്. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 200ലേറെ പേർക്ക് പരിക്കുണ്ട്.
ഇസ്ലാമാബാദിൽ റാവൽപിണ്ടിയിലേക്കുൾപ്പെടെയുള്ള റോഡുകൾ ഉപരോധിച്ചാണ് പ്രക്ഷോഭം തുടരുന്നത്. പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പാക് ആഭ്യന്തരമന്ത്രാലയം സൈനിക നേതൃത്വത്തിന് കത്തയച്ചിരുന്നുവെങ്കിലും അവരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. പാകിസ്താനിൽ സർക്കാറും സൈന്യവും തമ്മിലുള്ള ഭിന്നത തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതേസമയം, പാർലമെൻറ്, രാഷ്ട്രപതി ഭവനം, സുപ്രീംകോടതി തുടങ്ങി തന്ത്രപ്രധാന ഭാഗങ്ങളിൽ സുരക്ഷക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
കറാച്ചി, ലാഹോർ എന്നീ നഗരങ്ങളിലും പ്രതിഷേധം തുടരുകയാണ്. മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വം സംബന്ധിച്ച് സെപ്റ്റംബറിൽ പാസാക്കിയ നിയമഭേദഗതിയാണ് വിവാദത്തിനാധാരം. രാജ്യത്തെ അഹ്മദിയ്യ വിഭാഗത്തിന് അനുകൂലമായാണ് ഭേദഗതിയെന്നാണ് തീവ്രപക്ഷക്കാരുടെ ആരോപണം.
തുടർന്നാണ് വിവിധ മതസംഘടനകളുടെ നേതൃത്വത്തിൽ റോഡുകൾ ഉപരോധിച്ച് നവംബർ എട്ടുമുതൽ പ്രക്ഷോഭം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.