17 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി
text_fieldsകറാച്ചി: സമുദ്രാതിർത്തി ലംഘിച്ചതായി ആരോപിച്ച് 17 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി. കറാച്ചിയിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കയാണ്.
പാക് സമുദ്ര സുരക്ഷസേനയുടെ പിടിയിലായ ഇവരെ നിയമനടപടികൾക്കായി തങ്ങൾക്ക് കൈമാറിയതാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പിടിയിലായവരിൽ മിക്കവരും ഗുജറാത്തിൽ നിന്നുള്ളവരാണ്. ഇവരിൽനിന്ന് മൂന്നു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. അറബിക്കടലിലെ പാക് അതിർത്തിയിൽ പ്രവേശിച്ചതിനാണ് അറസ്റ്റെന്ന് പാകിസ്താൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ നവംബറിനുശേഷം മാത്രം 185 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ മാസം 28ന് 145 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചിരുന്നു.അറബിക്കടലിലെ ഇന്ത്യ-പാക് അതിർത്തി വേർതിരിവ് കൃത്യമല്ലാത്തതിനാൽ ഇരുഭാഗത്തുമുള്ള മത്സ്യത്തൊഴിലാളികൾ പിടിയിലാകുന്നത് നിത്യ സംഭവമാണ്. ശരിയായ പ്രദേശം തിരിച്ചറിയാനുള്ള സജ്ജീകരണങ്ങളില്ലാത്ത സാധാരണ തൊഴിലാളികളാണ് പിടിയിലാവുന്നവരിലേറെയും. വർഷങ്ങൾ കഴിഞ്ഞാണ് ഇത്തരക്കാർക്ക് മോചനം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.