'സ്വാത് കശാപ്പുകാരന്' വധശിക്ഷ
text_fieldsഇസ്ലാമാബാദ്: പാക് താലിബാന്‍റെ മുതിർന്ന നേതാവ് മുസ് ലിം ഖാന് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ചു. സൈനികരും സാധാരണക്കാരും അടക്കം 31 പേർ കൊല്ലപ്പെടുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് പാക് താലിബാന്‍റെ മുൻ വക്താവ് കൂടിയായ മുസ് ലിം ഖാന് കോടതി ശിക്ഷ വിധിച്ചത്. 62കാരനായ മുസ് ലിം ഖാനെ 'സ്വാത് കശാപ്പുകാരൻ' എന്നാണ് അറിയപ്പെടുന്നത്.
മോചനദ്രവ്യത്തിനായി രണ്ട് ചൈനീസ് എൻജിനീയർമാരെയും ഒരു സിവിലിയനെയും തട്ടിക്കൊണ്ടു പോയ കേസിലും മുസ് ലിം ഖാൻ പ്രതിയാണ്. മജിസ്ട്രേറ്റിന് മുമ്പിലും വിചാരണ കോടതിയിലും പ്രതി കുറ്റം ഏറ്റുപറഞ്ഞതായി അധികൃതർ അറിയിച്ചു.
2009ൽ ബി.ബി.സിയുടെ മുൻ ഉറുദു ലേഖകൻ അബ്ദുൽ ഹൈ കാകർ, മുസ് ലിം ഖാനുമായി അഭിമുഖം നടത്തിയിരുന്നു. ഉറുദു, ഇംഗ്ലീഷ്, അറബിക്, പെർഷ്യൻ, പഷ്തൂൺ എന്നീ ഭാഷകൾ അറിയാവുന്ന ഇയാൾ 2009ൽ സ്വാത്തിൽ നടന്ന സൈനിക ഒാപ്പറേഷനിലാണ് പിടിയിലാകുന്നത്.
മുസ് ലിം ഖാൻ അടക്കം എട്ടു തീവ്രവാദികൾക്ക് വധശിക്ഷ വിധിച്ചതായി സൈനിക േമധാവി ജനറൽ ഖമർ ജാവേദ് ബജ് വ സ്ഥിരീകരിച്ചു. 2015ൽ കറാച്ചിയിൽ ബസിന് നേരെ ഭീകരാക്രമണം നടത്തിയ കേസിലും സാമൂഹ്യ പ്രവർത്തകൻ സബീൻ മഹ്മൂദിനെ വധിച്ച കേസിലും മറ്റ് നാലു പേർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
2014ൽ പെഷാവർ സൈനിക സ്കൂളിൽ തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലക്ക് ശേഷമാണ് വിചാരണക്കായി പ്രത്യേക സൈനിക കോടതി സ്ഥാപിക്കാൻ പാക് സർക്കാർ തീരുമാനിച്ചത്. കോടതിയുടെ കാലാവധി അടുത്തയാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.