കുൽഭൂഷൺ കേസ് വാദിക്കാൻ പാകിസ്താൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കും
text_fieldsന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതിയില്‍ നേരിട്ട തിരിച്ചടിയും പാകിസ്താനിൽ നിന്ന് തന്നെയുള്ള വിമർശനങ്ങളും കണക്കിലെടുത്ത് കുല്‍ഭൂഷൺ ജാദവ് കേസിൽ അഭിഭാഷകരുടെ പുതിയ സംഘത്തെ പാകിസ്താന്‍ നിയോഗിക്കും. വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചുകൊണ്ട് പാക്മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ജാദവ് കേസിൽ പാകിസ്താന് നേരിട്ട തിരിച്ചടിക്ക് പിന്നാലെ പ്രതിപക്ഷത്ത് നിന്നും നിയമകാര്യ വിദഗ്ധരിൽ നിന്നും നവാസ് ശെരീഫ് സർക്കാറിന് വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
രാജ്യസുരക്ഷ സംബന്ധിച്ച കേസുകളിൽ അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയിൽ വരില്ല എന്നതായിരുന്നു പാകിസ്താൻ മുന്നോട്ടു വെച്ച വാദം. എന്നാൽ ഇത് ഇന്ത്യ ചോദ്യം ചെയ്തു. പാകിസ്താൻ അന്താരാഷ്ട്ര കോടതിയിൽ ഹാജരാകേണ്ട കാര്യം തന്നെയില്ലായിരുന്നു എന്ന് പാകിസ്താനിലെ പ്രമുഖരായ പലരും അഭിപ്രായപ്പെട്ടു.
തങ്ങളുടെ അഭിഭാഷകർ നല്ല നിലയിൽ തന്നെയാണ് കേസ് കൈകാര്യം ചെയ്തത്. എന്നാൽ തുടർന്നുള്ള വാദങ്ങൾക്കായി പുതിയ സംഘത്തെ നിയോഗിക്കുമെന്ന് സർതാജ് അസീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ജാദവിനെ 2016 മാര്‍ച്ചിലാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ചാരെനെന്ന് ആരോപിച്ച് അദ്ദേഹത്തെ ഏപ്രിലില്‍ പാക് സൈനികക്കോടതി വധശിക്ഷക്ക് വിധിച്ചു. ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ 'റോ'യുടെ ഏജന്‍റാണ് ജാദവ് എന്നാണ് പാകിസ്താന്‍റെ ആരോപണം. ഇതിനെതിരെയാണ് ഇന്ത്യ അന്താരാഷ്ട്രക്കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.