മതനിന്ദ: പാക് വനിതയുടെ വധശിക്ഷ റദ്ദാക്കി
text_fieldsഇസ്ലാമാബാദ്: മതനിന്ദയുടെ പേരില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതയുടെ ശിക്ഷ പാക് സുപ്രീംകോടതി റദ്ദാക്കി. ലാഹോറിലെ ശൈഖ്പുര ജയിലില്‍ ഒമ്പതു വർഷമായി ശിക്ഷയനുഭവിക്കുന്ന ആസിയ ബീബിയെ ഉടന്‍ മോചിപ്പിക്കാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാറിെൻറ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
വധശിക്ഷ റദ്ദാക്കാൻ ബെഞ്ച് മൂന്നാഴ്ച മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രഖ്യാപനം നീട്ടിവെക്കുകയായിരുന്നു. മധ്യപാകിസ്താനിലെ ഇഥാൻ വാലി ഗ്രാമമാണ് ആസിയയുടെ ജന്മദേശം. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളുമായി വെള്ളമെടുക്കുന്നതിെൻറ പേരില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രവാചകനെ അപമാനിച്ച് സംസാരിച്ചെന്നാരോപിച്ചാണ് ആസിയയെ 2010ല്‍ ലാഹോര്‍ ഹൈകോടതി വധശിക്ഷക്ക് വിധിച്ചത്.
കൃഷിജോലിക്കിടെ ആസിയ ബക്കറ്റ് വെള്ളം തൊട്ട് അശുദ്ധമാക്കിയെന്നും മതപരിവര്‍ത്തനം ചെയ്യണമെന്നും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ ആരോപിച്ചു. പ്രവാചകനെതിരായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മർദിക്കുകയും ചെയ്തു. ആസിയയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അവരെ പിന്തുണച്ച് സംസാരിച്ചതിന് പഞ്ചാബ് ഗവര്‍ണറായിരുന്ന സല്മാന് തസീറിനെയും ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ശഹബാസ് ഭാട്ടിയെയും 2011ല്‍ തീവ്രവാദികൾ വെടിവെച്ചുകൊന്നിരുന്നു.
സല്മാന് തസീറിെൻറ ഘാതകനായ മുംതാസ് ഖാദിരിയെ 2016ല്‍ പാകിസ്താന് തൂക്കിലേറ്റി. 1980കളില്‍ ഭരണാധികാരിയായിരുന്ന സിയാവുൽ ഹഖാണ് മതനനിന്ദാ നിയമം കൊണ്ടുവന്നത്. ഇൗ നിയമമനുസരിച്ച് പാകിസ്താനിൽ മതനിന്ദ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
സുപ്രീംകോടതി വിധിക്കെതിരെ മതസംഘടനയായ തഹ്രീകെ ലബ്ബൈക് പാകിസ്താനും (ടി.എൽ.പി) മറ്റു ചെറുകിട പാർട്ടികളും രാജ്യത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനംചെയ്തു. വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ വധിക്കണമെന്നും പ്രധാനമന്ത്രി ഇംറാൻ ഖാൻ രാജിവെക്കണമെന്നും ടി.എൽ.പി ആവശ്യപ്പെട്ടു. വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വൻ സുരക്ഷയാണ് ഒരുക്കിയത്. ചരിത്രവിധിയെന്ന് ആംനസ്റ്റി ഇൻറർ നാഷനൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.