ശരീഫിനെ കുടുക്കിയ പാനമ രേഖകൾ
text_fields1990കളിൽ പാകിസ്താൻ പ്രധാനമന്ത്രിയായിരിക്കെ ശരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ പാനമ രേഖകളിലൂടെയാണു പുറത്തുവന്നത്. പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനത്തിന്‍റെ സഹായത്തോടെ ശരീഫിന്‍റെ മൂന്ന് മക്കള്‍ ലണ്ടനില്‍ ഫ്ളാറ്റുകൾ വാങ്ങിയെന്നാണ് ആരോപണം. നവാസ് ശരീഫിന്‍റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകളോടൊപ്പമാണ് പാക് പ്രധാനമന്ത്രിയുടെ മക്കളുടെ ഇടപാടുകളും പുറത്തുവന്നത്. അഴിമതിപ്പണം കൊണ്ടു പ്രധാനമന്ത്രിയുടെ മക്കൾ ലണ്ടനിൽ നാല് അപ്പാട്ട്മെന്‍റുകൾ വാങ്ങിച്ചുവെന്നായിരുന്നു പാനമ രേഖകളിലെ പ്രധാന വെളിപ്പെടുത്തൽ.
എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്ന നിലപാടിൽ ശരീഫും കുടുംബവും ഉറച്ചുനിന്നു. തുടർന്നാണ് പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവും പാകിസ്താൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റനുമായ ഇമ്രാന്‍ ഖാൻ പരാതി നൽകിയത്. കള്ളപ്പണ ഇടപാടു നടത്തിയിട്ടില്ലെന്നു നിലപാടെടുത്ത് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നൽകിയ പരാതിയിൽ പറഞ്ഞത്. അഴിമതിപ്പണംകൊണ്ടു ശരീഫിന്‍റെ മക്കൾ ലണ്ടനിൽ സ്വത്തു സമ്പാദിച്ചെന്നും 2016 ഏപ്രിൽ അഞ്ചിനു രാജ്യത്തോടും മേയ് 16ന് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിൽ ഇക്കാര്യം മറച്ചുവച്ചു കള്ളം പറഞ്ഞെന്നുമാണ് പരാതിയിൽ പറഞ്ഞത്.
സംഭവത്തില്‍ ശരീഫിന്‍റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി (ജെ.എ.ടി) ശരീഫിന്‍റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിച്ചു. ശരീഫിന്‍റെമകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തി. പാകിസ്താൻ സൈന്യത്തിലെയും ചാരസംഘടനയിലെയും ഉന്നതർ അടങ്ങുന്ന ജെ.എ.ടി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൽ ശരീഫിനെതിരെ സുപ്രീംകോടതിയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.