വധശിക്ഷ തനിക്കെതിരായ പകപോക്കലെന്ന് മുശർറഫ്
text_fieldsഇസ്ലാമാബാദ്: പാക് കോടതി വിധിച്ച വധശിക്ഷ തനിക്കെതിരായ പകപോക്കലാണെന്ന് മുൻ പ്രസിഡന്‍റ് പർവേസ് മുശർറഫ്. 2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനും ഭരണം പിടിച്ചെടുത്തതിനും രാജ്യദ്രോഹക്കുറ്റം ചുമത്തി പെഷവാറിലെ പ്രത്യേക കോടതി മുശർറഫിന് വധശിക്ഷ വിധിച്ചിരുന്നു. വിധിക്ക് ശേഷം ആദ്യമായാണ് മുശർറഫ് പ്രതികരിക്കുന്നത്.
മുശർറഫിന്റെ പാർട്ടിയായ ഓൾ പാകിസ്താൻ മുസ്ലിം ലീഗ് പുറത്തുവിട്ട വിഡിയോയിലാണ് തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചത്. ഭരണഘടനാപരമായി ഈ കേസ് പരിഗണിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. തന്നെ ചിലർ ലക്ഷ്യമിടുകയാണ്. തനിക്കെതിരെ പ്രവർത്തിച്ച ഉന്നതർ പദവി ദുരുപയോഗം ചെയ്യുകയാണെന്നും മുശർറഫ് ആരോപിച്ചു.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കും. നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുശർറഫ് പറഞ്ഞു.
മുശർറഫിന് പിന്തുണയുമായി പാകിസ്താൻ സൈന്യം രംഗത്തെത്തിയിരുന്നു. രാജ്യസുരക്ഷക്കായി യുദ്ധങ്ങളിൽ പോരാടിയ മുശർറഫ് രാജ്യ വഞ്ചകനല്ലെന്ന് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞിരുന്നു. മുശർറഫിനെ പിന്തുണക്കുന്നവർ പാകിസ്താനിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു.
2013ലാണ് പര്‍വേസ് മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2016ൽ പാകിസ്താൻ വിട്ട മുശർറഫ് നിലവിൽ ദുബൈയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.