ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം പ്രസിഡൻറിനെ തള്ളി സ്പീക്കർ
text_fieldsകൊളംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡൻറിെൻറ നടപടി തള്ളി സ്പീക്കറുടെ ഇടപെടൽ. പ്രസിഡൻറ് മൈത്രിപാല സിരിസേന പുറത്താക്കിയ റനിൽ വിക്രമസിംഗെയാണ് രാജ്യത്തിെൻറ നിയമപരമായ പ്രധാനമന്ത്രിയെന്ന് സ്പീക്കർ കാരു ജയസൂര്യ പ്രഖ്യാപിച്ചു. പാർലമെൻറിൽ മറ്റൊരാൾ ഭൂരിപക്ഷം തെളിയിക്കുന്നതു വരെ വിക്രമസിംഗെക്ക് പ്രധാനമന്ത്രിയുടെ എല്ലാ അധികാരവും സുരക്ഷയും നിലനിർത്തണമെന്ന ആവശ്യം നീതിപൂർവമാണെന്നും സ്പീക്കർ പ്രസിഡൻറിന് എഴുതിയ കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സയെ പ്രസിഡൻറ് നിയമിച്ചത്. പിറ്റേന്ന് പ്രസിഡൻറിെൻറ അധികാരമുപയോഗിച്ച് സിരിസേന പാർലമെൻറ് മരവിപ്പിക്കുകയും ചെയ്തു. ഇതിന് പ്രത്യക്ഷത്തിൽതന്നെ എതിരായ നീക്കമാണ് സ്പീക്കർ നടത്തിയിരിക്കുന്നത്. സ്പീക്കറും പ്രസിഡൻറും വ്യത്യസ്ത നിലപാടും നടപടിയുമായി രംഗത്തെത്തിയതോടെ കടുത്ത ഭരണഘടന പ്രതിസന്ധിയാണ് രാജ്യത്ത് രൂപപ്പെട്ടത്.
അതിനിടെ, പെട്രോളിയം മന്ത്രി അർജുന രണതുംഗയുടെ അംഗരക്ഷകരുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിരിസേനയെ പിന്തുണക്കുന്ന ജനക്കൂട്ടം മന്ത്രിയെ ഒാഫീസിൽ തടഞ്ഞുവെച്ചതിനെ തുടർന്നായിരുന്നു വെടിവെപ്പ്. അയൽരാജ്യമായ ശ്രീലങ്കയിലെ സ്ഥിതിഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാപരമായ നടപടിക്രമങ്ങളും മാനിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.