ഇയാദ് അൽ ഹല്ലാക്ക്, ജോർജ് ഫ്ലോയിഡ്: പൊലീസ് വംശവെറിക്കെതിരെ ഇസ്രായേലിലും പ്രതിഷേധം
text_fieldsജറുസലം: പൊലീസിെൻറ വംശീയ അതിക്രമത്തിനെതിരെ അമേരിക്കക്ക് പുറമെ ഇസ്രായേലിലും പ്രതിഷേധം ശക്്തമാകുന്നു. ശനിയാഴ്ച രാത്രി തെൽ അവീവിൽ നിരവധിപേർ അണിനിരന്ന പ്രതിഷേധ പ്രകടനം അരങ്ങേറി.
ജറുസലമിലും മിനിയപൊളിസിലും വംശീയത മനുഷ്യരെ കൊല്ലുന്നുവെന്ന പോസ്റ്ററുകളുമായാണ് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ജറുസലമിൽ ഫലസ്തീൻ പൗരനായ ഇയാദ് അൽ ഹല്ലാക്കിനെയും കഴിഞ്ഞ ദിവസം അമേരിക്കയിലെ മിനിയപൊളിസിൽ ജോർജ് ഫ്ലോയിഡിനെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പ്രകടനമെന്ന് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വർണവെറിയുടെ പേരിൽ ആളുകളെ കൊല്ലുന്നത് നിർത്തണമെന്ന് വംശീയാതിക്രമത്തിനെതിരെ പ്രവൃത്തിക്കുന്ന സെൻറർ ഫോർ റേസിസം വിക്ടിംസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ‘‘അറബികൾ, ഇത്യോപ്യക്കാർ, കറുത്ത വർഗക്കാർ എന്നിവരെ മുൻവിധിയോടെ വെടിവെച്ച് കൊല്ലുന്ന നയം അവസാനിപ്പിക്കണം. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ പൊതുവിലും അറബ് വംശജരെ പ്രത്യേകിച്ചും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സായുധ വിഭാഗവും ലക്ഷ്യമിടുന്നുണ്ട്" -സെൻറർ ആരോപിച്ചു.
നിരായുധനും ഭിന്നശേഷിക്കാരനുമായ ഇയാദ് അൽ ഹല്ലാക്കിനെ ഇസ്രായേൽ പൊലീസ് വളരെ അടുത്തുനിന്നാണ് വെടിവെച്ച് കൊന്നത്. 32 കാരനായ ഇദ്ദേഹം ഒാൾഡ് സിറ്റിയിലെ സ്പെഷൽ സ്കൂളിൽ ജീവനക്കാരനായിരുന്നു. കിഴക്കൻ ജറുസലമിലെ ഒാൾഡ് സിറ്റിയിൽവെച്ചാണ് കൊല്ലപ്പെട്ടത്. ഹല്ലാക്കിന്‍റെ കൈവശം തോക്ക് പോലുള്ള ആയുധം ഉണ്ടെന്നായിരുന്നു പൊലീസിെൻറ ആരോപണം. എന്നാൽ, ആയുധം കണ്ടെത്താനായില്ലെന്ന് പൊലീസ് വക്താവ് തന്നെ പിന്നീട് വെളിപ്പെടുത്തി.
കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിെൻറ കൊലപാതകം അമേരിക്കയെ അക്ഷരാർഥത്തിൽ പിടിച്ചുലക്കുകയാണ്. ആളുകൾ നോക്കിനിൽക്കെയാണ് ഫ്ലോയിഡിനെ പൊലീസ് ശ്വാസംമുട്ടിച്ച് കൊന്നത്. രാജ്യമെമ്പാടും ഉടലെടുത്ത പ്രക്ഷോഭം അമേരിക്കയിൽ അഞ്ചാം ദിവസവും തുടരുകയാണ്. നിരവധിയിടങ്ങളിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പ്രക്ഷോഭകരെ നേരിടുന്നതിനായി നാഷനൽ ഗാർഡ് സേനയെ വിവിധ നഗരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.