ഇസ്രായേലിൽ സഖ്യസർക്കാറിനെതിരെ പ്രതിഷേധ പ്രകടനം
text_fieldsതെൽഅവീവ്: ബിന്യമിൻ നെതന്യാഹുവും മുൻ തെരഞ്ഞെടുപ്പ് എതിരാളി ബെന്നി ഗാൻറ്സും തമ്മിലുള്ള സഖ്യ സർക്കാരിനെതിരെ ഇസ്രായേലിൽ പ്രതിഷേധം. ശനിയാഴ്ച രാത്രിയാണ് നൂറുകണക്കിന് ഇസ്രായേൽ പൗരൻമാർ തെൽഅവീവിൽ പ്രകടനം നടത്തിയത്.
സഖ്യകരാർ നിയമവിരുദ്ധമാണെന്ന് വാദിക്കുന്ന എട്ട് ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം. 1500 ഓളം പേർ അണിനിരന്ന പ്രകടനം കോവിഡ് -19 െൻറ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് മുന്നേറിയതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ‘36 കാബിനറ്റ് മന്ത്രിമാരുള്ള സർക്കാറിനെക്കുറിച്ച് ലജ്ജതോന്നുന്നു’ എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ലികുഡ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന നെതന്യാഹുവും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്സും കഴിഞ്ഞമാസം സഖ്യസർക്കാർ രൂപീകരിക്കാൻ ഉടമ്പടി ഒപ്പുവെച്ചത്. മൂന്നു തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിച്ച, 17 മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇസ്രായേലിൽ ഇതോടെ അവസാനമായത്. കരാർ പ്രകാരം മൂന്നുവർഷ ഭരണത്തിെൻറ ആദ്യ പകുതിയിൽ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം വഹിക്കും. അടുത്ത വർഷം ഒക്ടോബറിൽ ഗാൻറ്സ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കും.
സഖ്യസർക്കാർ വീണാൽ ഇസ്രായേൽ ഒരുവർഷത്തിനിടെ നാലാമതൊരു തെരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കേണ്ടി വരും. അഴിമതി ആരോപണങ്ങളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരെ ജനുവരിയിൽ കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. ഈ കേസിൽ മാർച്ചിൽ നടക്കേണ്ടിയിരുന്ന വിചാരണ മേയ് 24 നേക്ക് മാറ്റിവച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. 120 അംഗ പാർലമെൻറിൽ 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.