ശ്രീലങ്കയിൽ രാജപക്സ ഒറ്റക്കു മത്സരിക്കും
text_fieldsകൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ വഴിത്തിരിവുകളിലേക്ക്. ജനുവരി അഞ്ചിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്കു മത്സരിക്കുമെന്ന സൂചനയുമായി മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സ പുതുതായി രൂപവത്കരിച്ച ശ്രീലങ്ക പീപ്ൾസ് പാർട്ടിയിൽ (എസ്.എൽ.പി.പി) ചേർന്നു. പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായുള്ള (എസ്.എൽ.എഫ്.പി) 50 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് രാജപക്സ പുതിയ പാർട്ടിയിൽ ചേർന്നത്.
1951ൽ രൂപംകൊണ്ട എസ്.എൽ.എഫ്.പിയുടെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു രാജപക്സയുടെ പിതാവ് ഡോൺ ആൽവിൻ രാജപക്സ. 72കാരനായ രാജപക്സക്ക് രാഷ്ട്രീയത്തിൽ തിരിച്ചെത്താനുള്ള വേദിയൊരുക്കാൻ അനുയായികൾ കഴിഞ്ഞവർഷം സ്ഥാപിച്ച പാർട്ടിയാണ് എസ്.എൽ.പി.പി. ഫെബ്രുവരിയിൽ നടന്ന പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി എസ്.എൽ.പി.പി വിജയിച്ചിരുന്നു. 2005 മുതൽ 10 വർഷക്കാലം ശ്രീലങ്കൻ പ്രസിഡൻറായിരുന്ന രാജപക്സയെ 2015 ജനുവരിയിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ ഫ്രണ്ടിെൻറ പിന്തുണയോടെയാണ് സിരിസേന പരാജയപ്പെടുത്തിയത്.
വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. നയപരമായ പല വിഷയങ്ങളിലും സിരിസേനയും വിക്രമസിംഗെയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഭിന്നത മൂർച്ഛിച്ചതോടെ പഴയ ശത്രുവായിരുന്ന രാജപക്സയെ കൂട്ടുപിടിച്ച് വിക്രമസിംഗെയെ അട്ടിമറിക്കുകയായിരുന്നു സിരിസേന.
തുടർന്നാണ് രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. രണ്ടാഴ്ചയായി തുടരുന്ന പ്രതിസന്ധിക്ക് അയവുവരുത്താതെ പാർലമെൻറ് പിരിച്ചുവിട്ട് സിരിസേന ജനുവരിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വിക്രമസിംഗെ. 225 അംഗ പാർലെമൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ രാജപക്സക്ക് 113 സാമാജികരുടെ പിന്തുണ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.