റമദാൻ അവസാനം ജൂതരെ പ്രവേശിപ്പിച്ചു; മസ്ജിദുൽ അഖ്സയിൽ സംഘർഷം
text_fieldsജറൂസലം: റമദാൻ അവസാനത്തോടടുക്കവെ മസ്ജിദുൽ അഖ്സയിൽ ഇസ്രായേലിെൻറ നരനായാട്ട്. നൂറുകണക്കിന് ജൂതർക്കൊപ്പം ഇസ്രായേൽ സൈനികർ മസ്ജിദുൽ അഖ്സയുടെ വളപ്പിൽ പ്രവേശിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. 1967ലെ യുദ്ധാനന്തരം കിഴക്കൻ ജറൂസലം പിടിച്ചെടുത്തതിെൻറ വാർഷികത്തോടനുബന്ധിച്ചാണ് ദേശീയവാദികളുടെ കടന്നുകയറ്റം.
മസ്ജിദിൽ പ്രാർഥനക്കെത്തിയ നൂറുകണക്കിന് ഫലസ്തീനികൾക്കു നേരെ ഇസ്രായേൽ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. ഏഴുപേർക്ക് പരിക്കുണ്ട്. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂതർ പള്ളിയങ്കണത്തിൽ പ്രവേശിക്കുമെന്നറിഞ്ഞ് പ്രതിഷേധവും അരങ്ങേറിയിരുന്നു. 30 വർഷത്തിനിടെ ആദ്യമായാണ് റമദാൻ അവസാനത്തോടനുബന്ധിച്ച് ജൂതർക്ക് മസ്ജിദിലേക്ക് പ്രേവശനാനുമതി നൽകുന്നത്. ഞായറാഴ് രാവിലെ തന്നെ അഖ്സക്കു ചുറ്റും ഇസ്രായേൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഈ സുരക്ഷവലയത്തിലാണ് ജൂതർ അകത്തേക്ക് പ്രവേശിച്ചത്.
ജൂതരും മുസ്ലിംകളും ഒരു പോലെ വിശുദ്ധമായി കണക്കാക്കുന്ന സ്ഥലമാണ് മസ്ജിദുൽ അഖ്സ.റമദാൻ അവസാന പത്തിൽ മുസ്ലിം ആരാധകരുടെ ബാഹുല്യം കണക്കിലെടുത്ത് മസ്ജിദിലേക്ക് ജൂതർക്ക് പ്രവേശനം നിഷേധിക്കാറാണ് പതിവ്.
ഇസ്രായേൽ നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് അൽഅഖ്സ ഡയറക്ടർ ഉമർ അൽ കിസ്വാനി ആരോപിച്ചു. അധിനിവിഷ്ട ജറൂസലമിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഫലസ്തീൻ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.