പിറന്ന മണ്ണില്‍ പൗരത്വം നിഷേധിക്കപ്പെട്ട ജനത
text_fieldsയാംഗോന്‍: ‘ഇവിടത്തെ സ്ഥിതി അത്യന്തം ദയനീയമാണ്. സ്വയം സംരക്ഷണത്തിന്‍െറ പാതയിലാണ് ഞങ്ങള്‍. രാത്രികളില്‍ ഞങ്ങള്‍ ഒരുപോള കണ്ണടക്കാറില്ല. രാവിലെ ഉറങ്ങുന്നു, വൈകീട്ട് എഴുന്നേല്‍ക്കുന്നു. ആരെങ്കിലും പ്രതികാരത്തിനു മുതിരുമോ എന്ന് ഭയപ്പെട്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.’ മുളകൊണ്ടുണ്ടാക്കിയ കുടിലിലിരുന്ന് ക്വാ ലാ ഓങ് പറഞ്ഞുതുടങ്ങി. മ്യാന്മര്‍ തലസ്ഥാനമായ യാംഗോനില്‍നിന്ന് കുറച്ചകലെയാണ് ഈ ക്യാമ്പ്. അഭിഭാഷകനും റോഹിങ്ക്യ വംശജരുടെ നേതാവുമായ ഈ 77കാരനെ പട്ടാളഭരണകൂടം നിരവധിതവണ ജയിലിലടച്ചിട്ടുണ്ട്. ജനാധിപത്യ സര്‍ക്കാറിന്‍െറ കാലത്തും നിരീക്ഷണത്തിലാണ്. അപരിചിതരുമായി ബന്ധം പുലര്‍ത്തരുതെന്ന് സൈനികര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2012ലെ സാമുദായിക കലാപത്തിനുശേഷമാണ് റോഹിങ്ക്യകള്‍ പിറന്ന മണ്ണില്‍നിന്ന് ക്യാമ്പുകളിലേക്ക് പറിച്ചെറിയപ്പെട്ടത്. സംശയത്തിന്‍െറ കണ്ണുകളോടെ വീക്ഷിക്കുന്ന ഭരണകൂടം അവര്‍ സംഘംചേരുന്നതുപോലും വിലക്കുകയാണ്. ബംഗ്ളാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് റോഹിങ്ക്യകളെ അധികൃതര്‍ കണക്കാക്കുന്നത്. മ്യാന്മറിന്‍െറ മണ്ണില്‍ വേരുകളുണ്ടായിട്ടും അവരെ പൗരന്മാരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. രാഖൈന്‍ പ്രവിശ്യയിലെ കലാപം പെട്ടെന്ന് പൊട്ടിമുളച്ചതല്ല. വടക്കന്‍ രാഖൈനില്‍ സ്വയംഭരണാവകാശം അനുവദിക്കണമെന്ന റോഹിങ്ക്യകളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍, ബംഗ്ളാദേശ് അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് മ്യാന്മര്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റോഹിങ്ക്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ രാഖൈനില്‍ സൈനികനടപടി തുടങ്ങിയത്. ആക്രമണത്തിനു പിന്നില്‍ റോഹിങ്ക്യകളാണെന്നായിരുന്നു ആരോപണം. അക്രമത്തെ തുടര്‍ന്ന് രാഖൈന്‍ പൊലീസ് ഉപരോധിച്ചിരുന്നു. സന്നദ്ധസംഘടനകളുള്‍പ്പെടെ അവിടേക്ക് കടക്കുന്നത് നിരോധിച്ചു. ബുദ്ധമതക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി അരങ്ങേറിയ നടപടിയില്‍ 130 ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലും മാരകമായി പരിക്കേറ്റവരിലും റോഹിങ്ക്യ വംശജരുണ്ടെന്നതിന്‍െറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി മനുഷ്യാവകാശ സംഘങ്ങള്‍ പുറത്തുവിടുകയുണ്ടായി.
നിരവധി ഭാഗങ്ങളില്‍ റോഹിങ്ക്യ സ്ത്രീകള്‍ സൈനികരുടെ ക്രൂരമായ മാനഭംഗത്തിനിരയാക്കപ്പെട്ടു. കുഞ്ഞുങ്ങളുള്‍പ്പെടെ നൂറുകണക്കിന് റോഹിങ്ക്യകള്‍ ബംഗ്ളാദേശിലേക്ക് പലായനം ചെയ്യുകയാണിപ്പോള്‍. പടിഞ്ഞാറന്‍ മ്യാന്മറിലെ അതിര്‍ത്തി കടക്കവെ ഇവരില്‍ ചിലര്‍ സൈന്യത്തിന്‍െറ വെടിയേറ്റു മരിച്ചതായു ം റിപ്പോര്‍ട്ടുണ്ട്. 500 പേര്‍ പലായനം ചെയ്തു. എന്നാല്‍ അഭയം തേടിയത്തെുന്ന ആയിരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ ബംഗ്ളാദേശ് സര്‍ക്കാരും തയാറാകുന്നില്ല.
അതേസമയം, വീടുകള്‍ ചുട്ടുകരിച്ചതും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതും റോഹിങ്ക്യകള്‍ പടച്ചുവിട്ട കഥകളാണെന്നാണ് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളുടെ പക്ഷം. വിദേശമാധ്യമങ്ങളെ ഇവിടേക്ക് പ്രവേശിപ്പിക്കാറില്ല. അതിനാല്‍ നിജ$സ്ഥിതി പുറത്തേക്കു വരുന്നുമില്ല. ഓങ്സാന്‍ സൂചിയുടെ ജനാധിപത്യ ഭരണകൂടത്തിലും ശക്തമായ ആധിപത്യമുള്ള സൈന്യത്തിന്‍െറ സൃഷ്ടിയാണിതെന്നാണ് പലരും വിശ്വസിക്കുന്നത്. സൂചി അധികാരത്തിലേറിയിട്ടും ന്യൂനപക്ഷ വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2012ലെ സായുധ കലാപത്തില്‍ കുടിയിറക്കപ്പെട്ട റോഹിങ്ക്യന്‍ വംശജര്‍ 1,20,000 ആണ്. നാലുവര്‍ഷമായി അവര്‍ കലാപത്തിന്‍െറ ദുരിതംപേറി ക്യാമ്പുകളില്‍ കഴിയുന്നു.
പാക് താലിബാനില്‍നിന്ന് പരിശീലനം ലഭിച്ച അഖാമുല്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘമാണ് ഒക്ടോബറിലെ ആക്രമണത്തിന്‍െറ പിന്നിലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ തീവ്രവാദ സംഘത്തെക്കുറിച്ച് ഒന്നുമറിയില്ളെന്ന് റോഹിങ്ക്യകള്‍ പറയുന്നു. ഒക്ടോബര്‍ 10 മുതല്‍ 27 വരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റോഹിങ്ക്യകളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും അവര്‍ക്ക് സ്വയംഭരണം നല്‍കണമെന്നും വിഡിയോ സന്ദേശത്തിലുണ്ട്. അതേസമയം, റോഹിങ്ക്യകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും അവരില്‍ തീവ്രവാദത്തിന്‍െറ അംശമില്ളെന്നും വാദമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.