റോഹിങ്ക്യൻ പ്രതിസന്ധി: പരിഹാര നിർദേശവുമായി ചൈന
text_fieldsനയ്പിഡാവ്: ആറു ലക്ഷത്തിലേറെ പേരുടെ പലായനത്തിനും ആയിരങ്ങളുടെ മരണത്തിനുമിടയാക്കിയ റോഹിങ്ക്യൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദേശവുമായി ചൈന. വിഷയം ചർച്ചചെയ്യാൻ 51 ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സമ്മേളിച്ച യോഗത്തിലാണ് മൂന്നു ഘട്ടങ്ങളടങ്ങിയ പരിഹാര നിർദേശം ചൈന അവതരിപ്പിച്ചത്.
മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തുനിന്ന് ആഗസ്റ്റ് അവസാനത്തിനുശേഷം മാത്രം ആറു ലക്ഷത്തിലേറെ പേർ ബംഗ്ലാദേശിൽ അഭയം തേടിയിട്ടുണ്ട്. ബുദ്ധ ഭൂരിപക്ഷ രാജ്യം സൈന്യത്തിെൻറ സഹായത്തോടെ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് യു.എൻ ഉൾപ്പെടെ സംഘടനകളും വിവിധ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് നൊബേൽ ജേതാവും മ്യാന്മർ ഭരണകക്ഷി നേതാവുമായ ഒാങ്സാൻ സൂചിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരം അജണ്ടയായി ഏഷ്യ- യൂറോപ്പ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സമ്മേളിച്ചത്.
റാഖൈനിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുകയാണ് ആദ്യം വേണ്ടതെന്ന് ചൈനയുടെ നയം വിശദീകരിച്ച് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇൗ ഘട്ടത്തിലേക്ക് ഏതാണ്ട് സ്ഥിതി എത്തിയ സ്ഥിതിക്ക് അഭയാർഥികൾക്ക് തിരിച്ചുവരാൻ മ്യാന്മറും ബംഗ്ലാദേശും ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ അവസരമൊരുക്കണം. സുരക്ഷിത തിരിച്ചുവരവ് ഉറപ്പാക്കിയ ശേഷം മൂന്നാം ഘട്ടത്തിൽ ശാശ്വത സമാധാനത്തിനുള്ള നടപടികൾ ആരംഭിക്കണം.
അഭയാർഥികളുടെ തിരിച്ചുവരവ് ചർച്ചചെയ്യാൻ മ്യാന്മർ- ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ച കഴിഞ്ഞ മാസം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ വിഷയത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ധാരണപത്രം ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് യൂറോപ്യൻ യൂനിയൻ വിദേശ നയമേധാവി ഫെഡറിക മൊഗ്രിനി അഭിപ്രായപ്പെട്ടു.
റാഖൈനിലെ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകുന്നതിന് പകരം സർക്കാർ ഒരുക്കുന്ന ‘മാതൃക ഭവന’ങ്ങളിലേക്ക് അഭയാർഥികളെ തിരികെയെത്തിക്കാനാണ് മ്യാന്മർ സർക്കാർ നീക്കം. അഭയാർഥികളുടെ ജീവിതം ശാശ്വതമായി ക്യാമ്പുകളിലേക്ക് മാറ്റുന്നതാണ് ഇൗ നീക്കമെന്ന് യു.എൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പൗരത്വം സംബന്ധിച്ചും നിലവിലെ തീരുമാനങ്ങളിൽ മാറ്റം ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.