സിറിയ: സമാധാന ചര്‍ച്ചക്ക് അസ്താനയില്‍ തുടക്കം
text_fieldsഅസ്താന: സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ച കസാഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടങ്ങി. തുര്‍ക്കിയും റഷ്യയും മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം ഡിസംബര്‍ 30ന് പ്രാബല്യത്തില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയെന്നതാണ്. എന്നാല്‍, ചര്‍ച്ചയുടെ ആദ്യ ദിനം ശുഭസൂചനയല്ല നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയില്‍ വിമത വിഭാഗം പങ്കെടുക്കുന്നുണ്ടെങ്കിലും സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ചക്ക് അവര്‍ കൂട്ടാക്കിയില്ല. വെടിനിര്‍ത്തല്‍ലംഘനത്തിന്‍െറ പേരില്‍ ഇരുപക്ഷവും പരസ്പരം പഴിചാരി സംസാരിക്കുകയും ചെയ്തു.
നേരത്തേ, ചര്‍ച്ചയില്‍ പങ്കെടുക്കില്ളെന്നായിരുന്നു വിമത വിഭാഗം പ്രസ്താവിച്ചിരുന്നത്. പിന്നീട്, അവര്‍ തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍, പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ സൈന്യം വെടിനിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്ന് വിമത വിഭാഗം വക്താവ് യഹ്യ അല്‍അരീദി പറഞ്ഞു. സര്‍ക്കാറിന്‍െറ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാറുമായി നേരിട്ട് ചര്‍ച്ചക്ക് തയാറാകാതിരുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ബശ്ശാര്‍ സര്‍ക്കാര്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയശേഷം നേരിട്ടുള്ള ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വെടിനിര്‍ത്തല്‍ ലംഘിച്ചത് വിമത സൈനികരാണെന്ന് സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധി ബശ്ശാര്‍ അല്‍ജഫാരി കുറ്റപ്പെടുത്തി. തലസ്ഥാനമായ ഡമസ്കസിനടുത്ത വാദി ബറാദയിലും മറ്റും തീവ്രവാദികളുമൊത്ത് വിമത സൈന്യം വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. അസ്താനയില്‍ വിമതരെ പ്രതിനിധാനംചെയ്യുന്നത് തീവ്രവാദികളുടെ ആളുകളാണെന്നും അദ്ദേഹം ആരോപിച്ചു.
ഇരുപക്ഷത്തിന്‍െറയും പരസ്പര ആരോപണങ്ങള്‍ ചര്‍ച്ചയുടെ ഫലപ്രാപ്തി സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ ഭാവിയില്‍ നിര്‍ണായക തീരുമാനം പുറത്തുവരുമെന്ന പ്രതീക്ഷ അസ്തമിച്ചതായി തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തൂല്‍മൂസ് പ്രതികരിച്ചു. അതേസമയം, സിറിയയിലെ എല്ലാ വിഭാഗം ആളുകളെയും ഒരു മേശക്കു ചുറ്റുമിരുത്താനായത് വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ച ചൊവ്വാഴ്ച അവസാനിക്കും. ഫെബ്രുവരി എട്ടിന് ജനീവയില്‍ തുടര്‍ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. അസ്താനയില്‍ വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളും എത്തിയിരുന്നു. ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അംബാസഡര്‍മാരെയാണ് അയച്ചത്. യു.എസ് പ്രതിനിധികളെ ക്ഷണിച്ചിരുന്നെങ്കിലും ആരെയും അയച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.