സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം; നിരവധി പേർ ഗുരുതരാവസ്ഥയിൽ
text_fieldsഡമസ്കസ്: സിറിയയിലെ സർക്കാർ നിയന്ത്രിത പ്രദേശമായ അലപ്പോയിൽ രാസായുധ പ്രയോഗത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് തീവ്രവാദ സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ 107 പേർക്ക് പരിക്കേറ്റതായാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇവരിൽ മിക്കവരും ഗുരുതരാവസ്ഥയിലാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കുട്ടികളടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സംഭവത്തിന് തിരിച്ചടിയെന്നോണം വിവിധ കേന്ദ്രങ്ങളിൽ സിറിയൻ സൈന്യം വ്യോമാക്രമണം നടത്തി. റഷ്യയുടെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് ഇദ്ലിബ് പ്രവിശ്യ സൈനികനടപടി മുക്തമായശേഷം ആദ്യമായാണ് രാസായുധ പ്രയോഗമുണ്ടാകുന്നത്.
നേരത്തേ വിവിധ വിമത കേന്ദ്രങ്ങളിൽ സിറിയൻ സൈന്യം രാസായുധം പ്രയോഗിച്ചത് അന്താരാഷ്ട്രതലത്തിൽ രൂക്ഷ വിമർശനം വിളിച്ചുവരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.