ശാഹിദ് ഖാഖാൻ അബ്ബാസി പാക് ഇടക്കാല പ്രധാനമന്ത്രി
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ മുസ്ലിം ലീഗ് (നവാസ്) േനതാവ് ശാഹിദ് ഖാഖാൻ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാവും. ‘പാനമ പേപ്പേഴ്സ്’ വെളിപ്പെടുത്തിയ അവിഹിത സ്വത്ത് സമ്പാദനക്കേസിൽ അയോഗ്യനാക്കിയതിനെ തുടർന്ന് പുറത്തായ നവാസ് ശരീഫിെൻറ പിൻഗാമിയായി അദ്ദേഹത്തിെൻറ ഇളയ സഹോദരൻ ശഹബാസിനെയും പ്രഖ്യാപിച്ചു.
മുൻ പെേട്രാളിയം മന്ത്രിയും ശരീഫിെൻറ വിശ്വസ്തനുമാണ് 58കാരനായ അബ്ബാസി. പഞ്ചാബ് മുഖ്യമന്ത്രി ശഹബാസ് ശരീഫ് പാർലെമൻറ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ സർക്കാറിനെ നയിക്കാനുള്ള നിയോഗമാണ് അബ്ബാസിക്കുള്ളത്.
ശനിയാഴ്ച ശരീഫിെൻറ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പാർലെമൻററി ബോർഡ് യോഗം ശരീഫിൽ പൂർണവിശ്വാസം രേഖപ്പെടുത്തുകയും അദ്ദേഹത്തിെൻറ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു. അഴിമതി നടത്തിയതിന് ശരീഫിനും മക്കൾക്കുമെതിരെ കേസെടുക്കാനും വെള്ളിയാഴ്ച കോടതി ഉത്തരവിട്ടിരുന്നു.
ഇൗ സാഹചര്യത്തിൽ മറ്റു വഴികളില്ലാതെയാണ് അദ്ദേഹം അധികാരം വിട്ടത്. ഇതോടെ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിൽനിന്ന് കരകയറാനുള്ള നീക്കത്തിെൻറ ഭാഗമായാണ് പാർട്ടി ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പാകിസ്താൻ മുസ്ലിം ലീഗിെൻറ (നവാസ്) മൂന്നു മണിക്കൂർ നീണ്ട അനൗപചാരിക യോഗത്തിൽ അടുത്ത പ്രധാനമന്ത്രിയായി ശഹബാസ് ശരീഫിനെ തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് ഒൗദ്യോഗിക പ്രഖ്യാപനം വന്നത്.
പാർലെമൻറ് അംഗമായി തെരഞ്ഞെടുക്കെപ്പട്ടാലേ അധികാരമേൽക്കാൻ കഴിയൂ. ഇൗ സാഹചര്യത്തിലാണ് ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസിെയ നിയോഗിച്ചത്.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകാനും പാർട്ടി യോഗം തീരുമാനിച്ചു. ‘ഇതാ സിംഹം വന്നിരിക്കുന്നു’ എന്ന ആർപ്പുവിളികേളാടെയാണ് പാർലെമൻറ് അംഗങ്ങളും നേതാക്കളും യോഗത്തിനെത്തിയ ശരീഫിനെ വരവേറ്റത്. തെൻറ പിൻഗാമിയെക്കുറിച്ച് ശരീഫ് തന്നെയാണ് അറിയിച്ചത്. അതിന് എതിർപ്പുകളൊന്നും ഉയർന്നില്ല.
65കാരനായ ശഹബാസ് ഇനി എം.പിയായി പാർലമെൻറിലെത്തണം. അപ്പോൾ അബ്ബാസിക്ക് രാജിവെക്കേണ്ടിവരും. 45 ദിവസത്തിനകം അധികാര കൈമാറ്റം ഉണ്ടായേക്കും.
പാകിസ്താനിൽ ഇത്തരം അധികാര കൈമാറ്റം മുമ്പ് ഉണ്ടായിട്ടുണ്ട്. പട്ടാളമേധാവി ജനറൽ പർവേസ് മുശർറഫിെൻറ ഭരണകാലത്ത്, രാഷ്ട്രീയക്കാരനായ ചൗധരി ശുജാഅത്ത് ഹുസൈനെ ഇടക്കാല പ്രധാനമന്ത്രിയാക്കിയിരുന്നു.
ശഹബാസ്: ശരീഫ് കുടുംബത്തിലെ പ്രധാനി
നവാസ് ശരീഫിെൻറ പിൻഗാമിയായി തീരുമാനിക്കപ്പെട്ട ഇളയ സഹോദരൻ ശഹബാസ് ഭരണ-ബിസിനസ് പരിചയം ഏറെയുള്ളയാളാണ്. പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ-ബിസിനസ് കുടുംബത്തിൽ ജനിച്ചതും നവാസ് ശരീഫിെൻറ സഹോദരനാണെന്നതുമാണ് ശഹബാസിന് നറുക്കുവീഴാൻ കാരണമായതെന്ന് സുവ്യക്തമാണ്. 2013 ജൂൺ മുതൽ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ്. കഴിഞ്ഞയാഴ്ചയും ശഹബാസിനെ ലക്ഷ്യംവെച്ച് ഭീകരരുടെ ആക്രമണമുണ്ടായി. എന്നാൽ, ശഹബാസ് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. 1988ലാണ് ആദ്യമായി അദ്ദേഹം പഞ്ചാബ് പ്രവിശ്യ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1990ൽ ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1993ൽ പഞ്ചാബിൽ പ്രതിപക്ഷ നേതാവായി. 1997ൽ ശഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായി. എന്നാൽ, 1999ലെ പട്ടാള അട്ടിമറിയെ തുടർന്ന് രാജ്യം വിടേണ്ടിവന്നു. പിന്നീട് തിരിച്ചെത്തുന്നത് 2007ൽ. 2008ലെ പൊതു തെരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്ലിം ലീഗ് വിജയിച്ചതിനെ തുടർന്ന് ശഹബാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ൽ മൂന്നാം തവണയാണ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായത്. പാർട്ടിയിലും കുടുംബത്തിലും നവാസ് ശരീഫിെൻറ വിശ്വസ്തനാണ് ഇൗ 65കാരൻ. ഇപ്പോൾ പാക് അസംബ്ലി അംഗമായ ഹംസ അബ്ബാസടക്കം നാലു മക്കളുണ്ട്.
ശാഹിദ് ഖാഖാൻ അബ്ബാസി; നവാസിൻെറ വിശ്വസ്തൻ
ഇടക്കാലത്തേക്ക് പാക് പ്രധാനമന്ത്രി പദത്തിലേറുന്ന ശാഹിദ് ഖാഖാൻ അബ്ബാസി പുറത്തായ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ വിശ്വസ്തനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നവാസ് ശരീഫ് മന്ത്രിസഭയിൽ പെട്രോളിയം-പ്രകൃതിവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. നേരത്തെ, മാധ്യമങ്ങൾ ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചവരിൽ അബ്ബാസിയുടെ പേരുണ്ടായിരുന്നില്ല. എന്നാൽ, പാക് മുസ്ലിം ലീഗ് തലവൻ കൂടിയായ നവാസ് ശരീഫിെൻറ താൽപര്യപ്രകാരമാണ് അബ്ബാസി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 1988 മുതൽ പാക് ദേശീയ അസംബ്ലിയിൽ റാവൽപിണ്ടിയെ പ്രതിനിധാനം ചെയ്യുന്ന അംഗമാണ് ഇദ്ദേഹം. അതിനിടയിൽ 2002ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് പരാജയപ്പെട്ടത്. പാകിസ്താനിലെ വിമാന കമ്പനിയായ എയർബ്ലൂവിെൻറ ഉടമസ്ഥനാണ്. നവാസ് ശരീഫിെൻറ മുൻ ഭരണകാലത്ത് പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ് തലവനായിരുന്നു. 1999ൽ പട്ടാള അട്ടിമറിയെ തുടർന്ന് രണ്ടുവർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 2008ൽ ഗീലാനി മന്ത്രിസഭയിൽ ചുരുങ്ങിയ കാലം വാണിജ്യ-പ്രതിരോധ ഉൽപാദക മന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.