ഉത്തര കൊറിയ-യു.എസ് ഉച്ചകോടി; ഒത്തുതീർപ്പ് ശ്രമവുമായി ദക്ഷിണ കൊറിയ
text_fieldsസോൾ: ജൂൺ 12ന് സിംഗപ്പൂരിൽ നടക്കാനിരിക്കുന്ന ഡോണൾഡ് ട്രംപ്-കിം ജോങ് ഉൻ ഉച്ചകോടിയിൽനിന്ന് പിന്മാറുമെന്ന ഉത്തര കൊറിയയുടെ ഭീഷണിക്കിടെ ഒത്തുതീർപ്പ് ശ്രമവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി. ഉച്ചകോടി യാഥാർഥ്യമാക്കുന്നതിനുവേണ്ടി ഇരുരാജ്യങ്ങളുമായും ആശയവിനിമയം നടത്തുമെന്നും അഭിപ്രായഭിന്നത മാറ്റിവെച്ച് ചർച്ചാമേശയിലെത്തിക്കാൻ ശ്രമം നടത്തുമെന്നും ദക്ഷിണ കൊറിയ പ്രസിഡൻറിെൻറ ദേശീയ സുരക്ഷ സമിതി വ്യക്തമാക്കി.
ഉച്ചകോടി യാഥാർഥ്യമാക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ശ്രമിക്കും. കഴിഞ്ഞമാസം ചരിത്ര സംഭവമായി മാറിയ കിം ജോങ് ഉൻ-മൂൺ ജെ ഇൻ കൂടിക്കാഴ്ചയിൽ പ്രഖ്യാപിച്ച ആണവ നിരായുധീകരണം പ്രാബല്യത്തിൽ വരുത്താൻ ഉത്തര കൊറിയ മുന്നോട്ടുവരണം -പ്രസിഡൻറ് മൂണിെൻറ സുരക്ഷ ഉപദേഷ്ടാവ് ചുങ് ഇയു യോങ്ങിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷം ദേശീയ സുരക്ഷ സമിതി പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും വിദേശകാര്യ മന്ത്രിമാർ വിഷയത്തിൽ ഫോൺ സംഭാഷണം നടത്തി. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി കാങ് ക്യൂങ് വായുമാണ് ചർച്ച നടത്തിയത്. ഉത്തര കൊറിയയുടെ പിന്മാറ്റ ഭീഷണിയും അനുബന്ധ കാര്യങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തതായി യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.
ഉത്തര കൊറിയ ആണവായുധങ്ങൾ ഉേപക്ഷിക്കണമെന്ന ഏകപക്ഷീയ നിലപാട് തുടരുന്നിടത്തോളം യു.എസുമായി ചർച്ചക്ക് താൽപര്യമില്ലെന്നും ട്രംപും കിമ്മുമായുള്ള ഉച്ചകോടിയിൽ സംബന്ധിക്കണോ എന്ന കാര്യത്തിൽ പുനരാലോചന വേണ്ടിവരുമെന്നും ഉത്തര കൊറിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ലിബിയൻ മാതൃകയിലുള്ള സമ്പൂർണ ആണവ നിരായുധീകരണമാണ് ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടെൻറ പ്രസ്താവനയാണ് ഉത്തര കൊറിയയുടെ പെെട്ടന്നുള്ള പ്രകോപനത്തിന് കാരണമായത്. അതോടൊപ്പം ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസത്തിനൊരുങ്ങുന്നതും ഉത്തര കൊറിയയെ ചൊടിപ്പിച്ചു. ആണവ പദ്ധതികൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയ ഇതുവരെയുള്ള ആറ് ആണവ പരീക്ഷണവും നടത്തിയ കേന്ദ്രം പൊളിച്ചുതുടങ്ങിയതായും വ്യക്തമാക്കിയിരുന്നു.
എന്നാൽ, തങ്ങൾക്കാവശ്യമായ ആണവശേഷി സ്വന്തമാക്കിക്കഴിഞ്ഞു എന്ന് പറഞ്ഞായിരുന്നു ഇത്. അതേസമയം, ഉത്തര കൊറിയയുടെ സമ്പൂർണമായ ആണവ നിരായുധീകരണമാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിന് വഴങ്ങിയേക്കില്ലെന്ന സൂചനയാണ് ഉത്തര കൊറിയ നൽകുന്നത്. ദക്ഷിണ കൊറിയയുമായുള്ള ചർച്ചയിലും ഇക്കാര്യത്തിൽ അവ്യക്തമായ ഉറപ്പുനൽകുക മാത്രമാണ് ഉത്തര കൊറിയ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.