പാര്‍കിന്‍െറ ഇംപീച്ച്മെന്‍റ് ശരിവെച്ചു
text_fieldsസോള്‍: ദക്ഷിണ കൊറിയയുടെ ആദ്യ വനിത പ്രസിഡന്‍റായിരുന്ന പാര്‍ക് ഗ്യൂന്‍ ഹൈയുടെ ഇംപീച്ച്മെന്‍റ് ഭരണഘടന കോടതി ശരിവെച്ചു. അഴിമതി വിവാദത്തില്‍ കുടുങ്ങിയ പാര്‍കിനെ ഇംപീച്ച്മെന്‍റ് ചെയ്ത നടപടി ഭരണഘടന കോടതിയിലെ എട്ടംഗ ജഡ്ജിമാരുടെ പാനലാണ് ഏകപക്ഷീയമായി ശരിവെച്ചത്.
ബാല്യകാല സുഹൃത്തിനെ സഹായിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തതാണ് 65കാരിയായ പാര്‍കിന്‍െറ പതനത്തിലേക്ക് നയിച്ചത്. അഴിമതി, അധികാര ദുര്‍വിനിയോഗം, സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പാര്‍കിനുമേല്‍ ആരോപിക്കപ്പെട്ടത്. സുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. പാര്‍കിന്‍െറ നടപടി ജനാധിപത്യത്തിനും നിയമവാഴ്ചക്കും ഗുരുതരമായ ഹാനി വരുത്തി. അതിനാല്‍ അവരെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് -ചീഫ് ജസ്റ്റിസ് ലീ ലങ് മി പ്രഖ്യാപിച്ചു.
കേസുകളില്‍ പാര്‍കിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തും. ആരോപണങ്ങള്‍ പാര്‍ക് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് പൊതുജനങ്ങളോട് മാപ്പുപറയുകയും ചെയ്തു. വിവാദങ്ങളെ തുടര്‍ന്ന് അവരുടെ രാജിക്കായി വന്‍പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം വേദിയായത്. ജനങ്ങള്‍ക്ക് നടപടികള്‍ കാണാന്‍ കോടതിക്കു പുറത്ത് വലിയ ടെലിവിഷന്‍ സ്ഥാപിച്ചിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷമുണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്തു കോടതിക്കു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചു. വിധിക്കെതിരെ കോടതിക്കുപുറത്ത് പാര്‍കിന്‍െറ അനുയായികള്‍ പ്രകടനം നടത്തി. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപ്രതിഷേധകര്‍ കൊല്ലപ്പെട്ടു.
രാജ്യത്ത് ഏകാധിപത്യം ജനാധിപത്യത്തിലേക്ക് വഴിമാറിയ 1980നു ശേഷം കാലാവധി പൂര്‍ത്തിയാകും മുമ്പ് അധികാരമൊഴിയുന്ന ആദ്യ പ്രസിഡന്‍റാണ് പാര്‍ക്.
2018 ഫെബ്രുവരി 24 നാണ് പാര്‍കിന്‍െറ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2004ല്‍ അന്നത്തെ പ്രസിഡന്‍റായിരുന്ന റോഹ് മൂ ഹ്യൂനിനെ ഇംപീച്ച്മെന്‍റ് ചെയ്തിരുന്നുവെങ്കിലും ഭരണഘടനാകോടതി വിധി അനുകൂലമായതോടെ അദ്ദേഹം അധികാരത്തില്‍ തിരിച്ചത്തെി.
ഇംപീച്ച്മെന്‍റ് നടപടികള്‍ പൂര്‍ത്തിയായതോടെ ദ.കൊറിയയില്‍ 60 ദിവസത്തിനകം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ ഡിസംബറിലാണ് പാര്‍കിനെ പാര്‍ലമെന്‍റ് ഇംപീച്ച്ചെയ്തത്. അതിനുശേഷം പ്രധാനമന്ത്രി ഹുവാങ് ക്യോഹാന്‍ ആണ് പ്രസിഡന്‍റിന്‍െറ ചുമതല നിര്‍വഹിച്ചത്.
തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ അദ്ദേഹം ചുമതല തുടരും. ഇദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് മെയ് ആദ്യ വാരം ഉണ്ടാകുമെന്നാണ് സൂചന.
ഇംപീച്ച്മെന്‍റിലേക്ക് നയിച്ചത്
ദക്ഷിണ കൊറിയയെ പിടിച്ചു കുലുക്കിയ സാംസങ്, ഹുണ്ടായി ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഉള്‍പ്പെട്ട അഴിമതിക്കേസാണ് പാര്‍കിന്‍െറ പുറത്താക്കലില്‍ കലാശിച്ചത്. ഈ കമ്പനികളില്‍നിന്ന് പാര്‍കിന്‍െറ പേരു പറഞ്ഞ് സുഹൃത്ത് ചോയ് സൂന്‍ സില്‍ ലക്ഷക്കണക്കിന് ഡോളറുകള്‍ കൈപ്പറ്റിയിരുന്നു. ചോയ് നടത്തുന്ന രണ്ട് സന്നദ്ധ സംഘടനകളുടെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്.
എന്നാല്‍, ഈ പണം ചോയ് സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയായിരുന്നത്രെ. പണം നല്‍കുന്നതിന് കമ്പനികളില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പാര്‍കിനെതിരായ ആരോപണം. ഒപ്പം സാംസങ്ങില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണമുയര്‍ന്നു. ഭരണകാര്യങ്ങളില്‍ സുഹൃത്തിനെ ഇടപെടാന്‍ അനുവദിച്ചു എന്നും ആരോപണമുയര്‍ന്നു. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതിയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ ചോയ് ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.