അഴിമതി: ദ. കൊറിയന്‍ പ്രസിഡന്‍റ് രാജിക്കൊരുങ്ങി
text_fieldsസോള്‍: ആത്മമിത്രം വരുത്തിവെച്ച വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ രാജിവെക്കാന്‍ തയാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജിയോണെ. രാജിക്കുള്ള തീയതി തീരുമാനിക്കാനും പിന്‍ഗാമിയെ നിശ്ചയിക്കാനും അവര്‍ പാര്‍ലമെന്‍റിന്‍െറ സഹായം തേടി. എന്നാല്‍ ഇംപീച്ച്മെന്‍റില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്ന് ആരോപിച്ച പ്രതിപക്ഷം രാജിവെക്കാന്‍ അനുവദിക്കില്ളെന്നു വ്യക്തമാക്കി. പാര്‍കിനെ ഇംപീച്ച് ചെയ്യുന്ന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങാനാണ് മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പദ്ധതി.
ദേശീയ ടെലിവിഷന്‍ അഭിസംബോധനയിലൂടെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാപ്രസിഡന്‍റായ പാര്‍ക് രാജിക്കാര്യം ജനങ്ങളെ അറിയിച്ചത്. 2018ലാണ് കാലാവധി അവസാനിക്കുക. വിവാദങ്ങള്‍ക്കു ശേഷം മൂന്നാംതവണയാണ് പാര്‍ക് ജനങ്ങളെ സംബോധന ചെയ്യുന്നത്. ബാല്യകാല സുഹൃത്ത് ചോയ് സൂന്‍ സിലിന്‍െറ അഴിമതിക്ക് കൂട്ടുനിന്നെന്ന ആരോപണമാണ് പാര്‍കിന് തിരിച്ചടിയായത്. പാര്‍കിന്‍െറ രാജിക്കായി ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.
എന്നാല്‍ പാര്‍കിന്‍െറ ആവശ്യം പ്രതിപക്ഷ എം.പിമാര്‍ നിരസിച്ചു. അധികാര ദുരുപയോഗത്തിനും അഴിമതിക്ക് സഹായം ചെയ്തതിന്‍െറയും പേരില്‍ പാര്‍ക് രണ്ടു തവണ പൊതുജനമധ്യത്തില്‍ മാപ്പു പറഞ്ഞിരുന്നു. പ്രസിഡന്‍റുമായുള്ള അധികാരം മുതലെടുത്ത് സാംസങ്, ഹ്യൂണ്ടായി പോലുള്ള കമ്പനികളില്‍നിന്ന് കോടിക്കണക്കിന് യു.എസ് ഡോളറാണ് സന്നദ്ധസംഘടനയുടെ പേരില്‍ ചോയ് തട്ടിയെടുത്തത്.
നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ച പാര്‍ക് രാജിവെക്കാന്‍ തയാറല്ളെന്നും വ്യക്തമാക്കിയിരുന്നു. പകരം ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷക സംഘത്തെ നിയമിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അന്വേഷണം ഡിസംബറില്‍ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.