ആഭ്യന്തരയുദ്ധം, പട്ടിണി; ദക്ഷിണ സുഡാനിൽ സ്ഥിതി അതിദയനീയം
text_fieldsജൂബ: ദക്ഷിണ സുഡാനിൽ നാലു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം 20 ലക്ഷത്തിലധികം കുട്ടികളെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയതായി യു.എൻ ഏജൻസികൾ. യുഗാണ്ട, കെനിയ, ഇത്യോപ്യ, സുഡാൻ എന്നിവിടങ്ങളിലേക്ക് കുടിയേറിയ 18 ലക്ഷത്തോളമുള്ള ദക്ഷിണ സുഡാൻ അഭയാർഥികളിൽ 62 ശതമാനവും കുട്ടികളാണ്. ഇതിനിടെ, രാജ്യത്തിനകത്തു തന്നെയുള്ള മറ്റു സ്ഥലങ്ങളിലേക്ക് പത്ത് ലക്ഷത്തിലധികം കുട്ടികൾക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് യുനിസെഫും യു.എൻ.എച്ച്.സി.ആറും പറഞ്ഞു.
പ്രസിഡൻറ് സൽവ ഖിറും 2013 ഡിസംബറിൽ പുറത്താക്കിയ മുൻ വൈസ് പ്രസിഡൻറ് റീക് മഷറും തമ്മിലുണ്ടായ അഭിപ്രായഭിന്നതയാണ് ദക്ഷിണ സുഡാനിൽ ആഭ്യന്തരയുദ്ധം ആരംഭിക്കാൻ ഇടയാക്കിയത്. ഇതേതുടർന്ന് ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും 35 ലക്ഷം ആളുകൾക്ക് പലായനം ചെയ്യേണ്ടിയും വന്നു.
ഇതിനുപുറമെ, കടുത്ത പട്ടിണിയുടെ കെടുതിയിലുമാണ് രാജ്യം. ഒരു ലക്ഷത്തോളം പേർ കൊടും പട്ടിണിയിലും പത്ത് ലക്ഷത്തോളം ആളുകൾ ഇതിെൻറ വക്കിലുമായി കഴിയുന്നു. ദക്ഷിണ സുഡാനിലെ മൂന്നാമതൊരു പ്രദേശംകൂടി പട്ടിണിയുടെ ഭീഷണി നേരിടുന്നതായി നിരീക്ഷണ സംഘമായ ഫാമിൻ ഏർളി വാർണിങ് സിസ്റ്റംസ് നെറ്റ്വർക് മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് യു.എന്നും സംഭവത്തിൽ പ്രതികരിച്ചത്.
കോച്ച് കൗണ്ടിയിലാണ് ഇത്തവണ പട്ടിണി പിടിമുറുക്കിയിരിക്കുന്നത്. നേരത്തേ ലീർ, മായെൻദിത് എന്നീ പ്രദേശങ്ങൾ പട്ടിണി അനുഭവിക്കുകയാണെന്ന് സംഘം അറിയിച്ചിരുന്നു. ജൂലൈ മുതൽ െസപ്റ്റംബർ വരെയുള്ള മാസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ പട്ടിണി വ്യാപിക്കാമെന്നും മാനവിക സഹായമില്ലാതെ ഇതിരെ നേരിടാൻ സാധിക്കില്ലെന്നും പുതിയ റിപ്പോർട്ടുകളിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.