ശ്രീലങ്കൻ തദ്ദേശ തെരഞ്ഞെടുപ്പ്: രാജപക്സയുടെ പാർട്ടി ജയത്തിലേക്ക്
text_fieldsകൊളംബോ: ശ്രീലങ്കയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സയുടെ ശ്രീലങ്കൻ പീപ്ൾസ് പാർട്ടി (എസ്.എൽ.പി.പി) ഉജ്ജ്വല വിജയത്തിലേക്ക്. ദ്വീപിലെ 341 കൗൺസിലുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ട് നേടിയാണ് രാജപക്സയുടെ പാർട്ടി മുന്നിലെത്തിയത്. ഇതുവരെ 81 കൗൺസിലുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 51 എണ്ണം എസ്.എൽ.പി.പി സ്വന്തമാക്കി.
പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും (എസ്.എൽ.എഫ്.പി) യുനൈറ്റഡ് നാഷനൽ പാർട്ടിയും തകർന്നടിഞ്ഞു. യു.എൻ.പിയും സഖ്യകക്ഷിയായ തമിഴ് നാഷനൽ അലയൻസും പത്തു വീതം കൗൺസിലുകൾ നേടി. എസ്.എൽ.പി.പി 909 സീറ്റുകൾ നേടിയപ്പോൾ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യു.എൻ.പിക്ക് 459 സീറ്റുകളേ നേടാനായുള്ളൂ.
രണ്ടുവട്ടം പ്രസിഡൻറായ രാജപക്സയുടെ 2015ലെ പരാജയത്തിന് ശേഷമുള്ള ഉജ്ജ്വല തിരിച്ചുവരവിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 30 വർഷത്തെ തമിഴ് വിമോചന യുദ്ധത്തിന് വിരാമമിട്ട രാജപക്സ സിംഹള ബുദ്ധിസ്റ്റുകളുടെ പിന്തുണയോടെയാണ് വിജയതീരമണഞ്ഞത്. ന്യൂനപക്ഷങ്ങളായ തമിഴരുടെയും മുസ്ലിംകളുടെയും വോട്ടുകളാണ് സിരിസേനക്ക് നേടാനായത്.
പരാജയ ഭീതിമൂലമാണ് എസ്.എൽ.എഫ്.പി പലതവണ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. 2015ലെ പരിഷ്കരണത്തിനുശേഷം പലതവണ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.