ശ്രീലങ്ക: സംഘർഷത്തിന് അറുതിയായില്ല
text_fieldsകൊളംബോ: ശ്രീലങ്കയിൽ രണ്ട് ദിവസമായി തുടരുന്ന മുസ്ലിം വിരുദ്ധ വർഗീയ സംഘർഷം കഴിഞ്ഞദിവസവും ശമിച്ചില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചൊവ്വാഴ്ച സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ചിലയിടങ്ങളിൽ കനത്ത സുരക്ഷക്കിടയിലും ആക്രമണങ്ങൾ അരങ്ങേറി.
മധ്യ ശ്രീലങ്കയിലെ മാഡവാലയിൽ ഒരു പള്ളിയും മുസ്ലിം നിയന്ത്രണത്തിലുള്ള കടകളും അക്രമികൾ അഗ്നിക്കിരയാക്കി. കാൻഡി പട്ടണത്തിെൻറ വടക്കു-കിഴക്ക് സ്ഥിതി ചെയ്യുന്ന വാറ്റെഗാമ ഗ്രാമത്തിലും പള്ളിക്ക് നേരെ ആൾകൂട്ട ആക്രമണമുണ്ടായി. ഇവിടെ അക്രമികൾക്ക് നേരെ പൊലീസ് വെടിവെച്ചു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ കാൻഡി ജില്ലയിൽ വീണ്ടും സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കയാണ്. കലാപ സാധ്യതയുള്ള ജില്ലകളിലും കർഫ്യൂ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമം വ്യാപിക്കുന്നതിന് സമൂഹമാധ്യമങ്ങൾ കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇൻറർനെറ്റിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
അക്രമ സംഭവങ്ങൾക്ക് തുടക്കംകുറിച്ച കാൻഡി ജില്ല പൂർണമായും പൊലീസിെൻറയും സൈന്യത്തിെൻറയും നിയന്ത്രണത്തിലാണ്. രാജ്യത്തെ ഭൂരിപക്ഷമായ സിംഹള-ബുദ്ധർക്കിടയിലെ തീവ്ര ദേശീയവാദികളാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. അക്രമം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചതോടെയാണ് സർക്കാർ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അവസാനമായി 2011ൽ തമിഴ് വിമതരുമായുള്ള ഏറ്റുമുട്ടൽ കാലത്താണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങൾ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയിട്ടുണ്ട്. ചൈന തങ്ങളുടെ പൗരന്മാർക്ക് സംരക്ഷണം നൽകണമെന്ന് ശ്രീലങ്കയോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.