വർഗീയ സംഘർഷം; ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ
text_fieldsകൊളംബോ: ഒരു വിഭാഗം ബുദ്ധമത വിശ്വാസികളും മുസ്ലിംകളും തമ്മിലുള്ള സംഘർഷം കലാപത്തിലേക്ക് മാറിയ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മധ്യ പ്രവിശ്യയിലെ കാൻഡിയിലാണ് സംഘർഷമുണ്ടായത്. ഇവിടെ രണ്ടുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് തെൽഡെനിയ പ്രദേശത്ത് പൊലീസ് നിശാനിയമം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, അക്രമം തടയാനായില്ല. തുടർന്നാണ് പ്രസിഡൻറ് മൈത്രിപാല സിരിസേനയും കാബിനറ്റും അടിയന്തരാവസ്ഥയെന്ന കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സാമൂഹിക ശാക്തീകരണ മന്ത്രി എസ്.ബി. ദിസനായകെ പറഞ്ഞു. കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ സംഘർഷ മേഖലകളിൽ പൊലീസിനെയും പട്ടാളത്തെയും വിന്യസിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ നീട്ടണോ എന്ന കാര്യം 10 ദിവസത്തിനുശേഷം തീരുമാനിക്കും. തെൽഡെനിയ, പല്ലെകെലെ മേഖലകളിലെ ന്യൂനപക്ഷങ്ങളുടെ പള്ളികളും ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളും തകർത്തിട്ടുണ്ട്. ഇവിടെ പ്രത്യേക ദൗത്യസേന രംഗത്തിറങ്ങി.
ദിഗാന ടൗണിൽ സിംഹള ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് മറുവിഭാഗത്തിനെതിരെ സംഘടിത ആക്രമണമുണ്ടായി. ഇൗ സംഭവത്തിൽ അറസ്റ്റിലായവരുടെ മോചനത്തിനായി തീവ്ര നിലപാടുള്ള ബുദ്ധസന്യാസിമാർ സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്ന് കൂടുതൽ അക്രമങ്ങൾ അരങ്ങേറി. കൃത്യമായി ആസൂത്രണം ചെയ്ത രീതിയിലാണ് അക്രമങ്ങൾ നടക്കുന്നതെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.മൂന്നു ദശാബ്ദത്തോളം നീണ്ട ശ്രീലങ്കയിലെ എൽ.ടി.ടി.ഇ-സർക്കാർ ഏറ്റുമുട്ടലുണ്ടാക്കിയ ദുരിതങ്ങളിൽനിന്ന് കരകയറാനുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ സംഭവം. കാൻഡി ശ്രീലങ്കയിലെ പ്രധാന ടൂറിസം മേഖലയാണ്. ആഭ്യന്തര യുദ്ധത്തിന് ശേഷം സിംഹള ബുദ്ധിസ്റ്റ് സമൂഹവും മുസ്ലിംകളും തമ്മിൽ പലപ്പോഴായി രാജ്യത്ത് സംഘർഷങ്ങളുണ്ടായിട്ടുണ്ട്. 2014 ദക്ഷിണ തീരപ്രദേശത്ത് തീവ്ര ബുദ്ധമത അനുയായികൾ ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ബുദ്ധസന്യാസിയെ ആക്രമിച്ചു എന്ന പ്രചാരണത്തെ തുടർന്നായിരുന്നു ഇത്.
അക്രമം വ്യാപിപ്പിക്കാൻ ശ്രമം നടത്തുന്ന തീവ്ര ബുദ്ധിസ്റ്റ് ഗ്രൂപ്പുകളെ സംരക്ഷിക്കരുതെന്ന് ‘ആംനസ്റ്റി ഇൻറർനാഷനൽ’ ശ്രീലങ്കൻ അധികൃതരോട് ആവശ്യപ്പെട്ടു. നടപടിയെടുക്കാതിരിക്കുന്നത് അവർക്ക് കരുത്തുപകരും. അത് ന്യൂനപക്ഷങ്ങളെ കൂടുതൽ ഭയത്തിലേക്ക് തള്ളിനീക്കുകയും ചെയ്യുമെന്ന് ‘ആംനസ്റ്റി’ ദക്ഷിണേഷ്യ ഡെപ്യൂട്ടി ഡയറക്ടർ ദിനുഷിക ദിസ്സനായകെ പറഞ്ഞു.ഏതാനും ദിവസം മുമ്പ് റോഡിലുണ്ടായ തർക്കം 41 വയസ്സുള്ള ബുദ്ധമതവിശ്വാസിയുടെ മരണത്തിൽ കലാശിച്ചത് അക്രമത്തിലേക്കും കലാപത്തിലേക്കും വഴിമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട് . നേരത്തെ ശ്രീലങ്കയുടെ കിഴക്കൻ മേഖലയിലെ നഗരമായ അംപാറയിൽ സിംഹള വിഭാഗക്കാർ മുസ്ലിംകൾക്കെതിരെ സംഘടിത ആക്രമണം നടത്തിയതായും വാർത്തയുണ്ട്. ഇതിനുശേഷമാണ് കാൻഡി അക്രമം അരങ്ങേറുന്നത്.ശ്രീലങ്കയിൽ മൊത്തം ജനസംഖ്യയിൽ 70 ശതമാനത്തോളം സിംഹള വംശജരായ ബുദ്ധമത വിശ്വാസികളും 13 ശതമാനം ഹിന്ദുക്കളും 10 ശതമാനം മുസ്ലിംകളും ഏഴ് ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.