ശ്രീലങ്ക: രാജപക്സക്കെതിരെ അവിശ്വാസം പാസായി
text_fieldsകൊളംബോ: വിവാദ തീരുമാനത്തിലൂടെ പ്രസിഡൻറ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിപദത്തിൽ നിയമിച്ച മഹീന്ദ രാജപക്സക്ക് പാർലമെൻറിൽ തിരിച്ചടി. ബുധനാഴ്ച നടന്ന അവിശ്വാസപ്രമേയ വോെട്ടടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും രാജപക്സയെ എതിർത്ത് വോട്ടുചെയ്തു.
പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡൻറിെൻറ നടപടി റദ്ദാക്കി ചൊവ്വാഴ്ച സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാർലമെൻറ് ചേർന്നത്. പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗയെ പദവിയിൽനിന്ന് പുറത്താക്കി രാജപക്സയെ നിയമിച്ച പ്രസിഡൻറിെൻറ നടപടിക്ക് ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം പാർലമെൻറ് ചേർന്നത്.
രാജപക്സക്ക് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായിരിക്കയാണ്. 225 അംഗ പാർലമെൻറിലെ ഭൂരിപക്ഷ അംഗങ്ങളും രാജപക്സയെ എതിർത്തതായി സ്പീക്കർ കാരു ജയസൂര്യയാണ് അറിയിച്ചത്. ശബ്ദ വോട്ടിന് ശേഷം സർക്കാറിന് ഭൂരിപക്ഷം നഷ്ടമായതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ പാർലമെൻറിൽ രാജപക്സ അനുകൂലികൾ പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് സഭ വ്യാഴാഴ്ച രാവിലെ 10 വരെ പിരിഞ്ഞു.
പ്രധാനമന്ത്രിക്ക് ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഭരണഘടനാപരമായ തുടർ നടപടി സ്വീകരിക്കാൻ സ്പീക്കർ പ്രസിഡൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിനെതിരെ 122 പാർലമെൻറ് അംഗങ്ങൾ ഒപ്പിട്ട പ്രമേയവും പ്രസിഡൻറിന് സമർപ്പിച്ചിട്ടുണ്ട്.
അവിശ്വാസം പാസായതോടെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗ, തെൻറ സർക്കാർ പുനഃസ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിച്ചു. ജനഹിതത്തിന് വിരുദ്ധമായി അധികാരത്തിലേറിയ രാജപക്സ സർക്കാറിെൻറ ഉത്തരവുകൾ പാലിക്കരുതെന്നും വിക്രമസിംഗെ ഗവൺമെൻറ് ജീവനക്കാരോടും പൊലീസിനോടും ആവശ്യപ്പെട്ടു.
അതേസമയം, സ്പീക്കറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും നിയമവിരുദ്ധമാണെന്നും രാജപക്സ അനുകൂലികളായ പാർലമെൻറ് അംഗങ്ങൾ പ്രതികരിച്ചു. പുതിയ സംഭവവികാസങ്ങളോടെ കഴിഞ്ഞ മാസം 26ന് പ്രസിഡൻറ് വിക്രമസിംെഗയെ പുറത്താക്കിയതോടെ ആരംഭിച്ച പ്രതിസന്ധി രൂക്ഷമായിരിക്കയാണ്. അതിനാൽ, പ്രസിഡൻറിെൻറയും ഇരുപാർട്ടികളുടെയും വരും ദിവസങ്ങളിലെ നിലപാട് നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.