ശ്രീലങ്കയിൽ പാർലമെൻറ് പിരിച്ചുവിട്ട സംഭവം: റനിൽ വിക്രമസിംഗെ സുപ്രീംകോടതിയിലേക്ക്
text_fieldsകൊളംബോ: ശ്രീലങ്കയിൽ പാർലമെൻറ് പിരിച്ചുവിട്ട പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ തീരുമാനത്തിനെതിരെ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ ഫ്രണ്ട് (യു.എൻ.എഫ്) സുപ്രീംകോടതിയെ സമീപിക്കുന്നു. ശനിയാഴ്ച രാവിലെ പാർലമെൻററി യോഗം േചർന്നതിനു ശേഷമാണ് യു.എൻ.എഫ് അംഗങ്ങൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ പരാതി നൽകാൻ തീരുമാനിച്ചത്.
പ്രസിഡൻറിെൻറ തീരുമാനം ഭരണഘടനവിരുദ്ധമാണെന്ന് യു.എൻ.എഫും മറ്റ് ചെറുപാർട്ടികളും ആരോപിച്ചു. െഗസറ്റിൽ വിജ്ഞാപനം ചെയ്തശേഷം വെള്ളിയാഴ്ച രാത്രിയാണ് സിരിസേന പാർലമെൻറ് പിരിച്ചുവിട്ടത്. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപിച്ചു.
2020 ആഗസ്റ്റിലാണ് നിലവിലെ പാർലമെൻറിെൻറ കാലാവധി അവസാനിക്കുന്നത്. കാലാവധി തികക്കുന്നതിെൻറ 20 മാസങ്ങൾക്കു മുമ്പാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തത്. 2015 ആഗസ്റ്റിലാണ് ശ്രീലങ്കയിൽ ഒടുവിലായി തെരഞ്ഞെടുപ്പ് നടന്നത്. അന്ന് മഹിന്ദ രാജപക്സയെ തോൽപിച്ചാണ് വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാഴ്ച മുമ്പ് വിക്രമസിംഗെയെ പുറത്താക്കി സിരിസേന രാജപക്സയെ പ്രധാനമന്ത്രിയായി അവരോധിച്ചതോടെയാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.
ആശങ്കയുമായി യു.എസും ബ്രിട്ടനും
വാഷിങ്ടൺ-ബ്രിട്ടൻ: ശ്രീലങ്കയിൽ പ്രസിഡൻറ് മൈത്രിപാല സിരിസേന പാർലമെൻറ് പിരിച്ചുവിട്ട നടപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂവെന്നും യു.എസും ബ്രിട്ടനും വിലയിരുത്തി. അവിടത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് യു.എസ്. ഒരു രാഷ്ട്രത്തിെൻറ സുസ്ഥിരതക്ക് ജനാധിപത്യം നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനാധിപത്യവിരുദ്ധ നടപടികളാണ് ശ്രീലങ്കയിൽ നടക്കുന്നതെന്നും യു.എസിെൻറ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് ബ്യൂറോ പറഞ്ഞു.
ശ്രീലങ്കയിൽ എല്ലാ പാർട്ടികളും ജനാധിപത്യത്തിെൻറ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ആശങ്കാവഹമാണെന്നും ആഭ്യന്തരയുദ്ധത്തിനുശേഷം രാജ്യത്തെ പുനരധിവാസപ്രവർത്തനങ്ങൾ തടസ്സപ്പെടാനും അതിടയാക്കുമെന്നും കനേഡിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കാൻ സിരിസേന നടത്തുന്ന രാഷ്ട്രീയ അട്ടിമറിയിൽ ആസ്ട്രേലിയയും ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.