ലാഹോറിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒാഫീസ് സമീപം ചാവേറാക്രമണം; 26 മരണം VIDEO
text_fieldsലാഹോർ: പാകിസ്താനിലെ പ്രമുഖ നഗരമായ ലാഹോറിലുണ്ടായ ചാവേറാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ആറു പൊലീസുകാർ അടക്കം 58 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ഒാഫീസും വസതിയും സ്ഥിതി ചെയ്യുന്നതിന് സമീപത്തെ ഫിറോസ്പുർ റോഡിലാണ് ചാവേറാക്രമണം ഉണ്ടായത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ സഹോദരൻ ഷഹബാസ് ശരീഫാണ് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന അറഫ കരീം ഐ.ടി ടവറിന് പുറത്താണ് ചാവേർ കാറിനുള്ളിൽ പൊട്ടിത്തെറിച്ചത്. ജനത്തിരക്കേറിയ കോട്ട്ലാഖ്പത്തിലെ പഴയ പച്ചക്കറി മാർക്കറ്റ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ എട്ടു പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇതിൽ ഒരു സബ് ഇൻസ്പെക്ടറും ഒരു എ.എസ്.ഐയും ആറ് പൊലീസുകാരും ഉൾപ്പെടുന്നതായി പഞ്ചാബ് സർക്കാർ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
ചാവേർ സ്ഫോടനം നടന്ന സമയത്ത് മുഖ്യമന്ത്രി ഷഹബാസ് ശരീഫ് ഒൗദ്യോഗിക ഒാഫീസിൽ നടന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. സുരക്ഷാ ചുമതല വഹിക്കുന്ന പൊലീസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ലാഹോർ പൊലീസ് ചീഫ് ക്യാപ്റ്റൻ അമിൻ വെയ്ൻസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ലാഹോറിലെ ബെദെയ്ൻ റോഡിൽ നടന്ന ചാവേറാക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പനാമ പേപ്പേഴ്സ് പുറത്തുവിട്ട സാമ്പത്തിക അഴിമതി സംബന്ധിച്ച കേസിൽ പാക് പ്രധാനമന്ത്രിയും ഷഹബാസിന്‍റെ സഹോദരനുമായ നവാസ് ശരീഫ് കോടതി വിചാരണ നേരിടുകയാണ്. കോടതിയിൽ നിന്നും പ്രതികൂല വിധിയുണ്ടായാൽ നവാസിന് പകരം പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന പേരുകളിൽ ഒന്ന് ഷഹബാസിന്‍റേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.