ഇന്തോനേഷ്യയിൽ 44,000 വർഷംപഴക്കമുള്ള ഗുഹാചിത്രം
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ ചരിത്രാതീത കാലത്തെ ഗുഹാചിത്രം കണ്ടെത്തി. വേട്ടയാടൽ ചിത്രീകരിക്കുന്ന ഈ കലാരൂപത്തിന് 44,000 വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ലോകത്തെ ഏറ്റവും പുരാതനമായ കലാരൂപമാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇരുണ്ട ചുവപ്പു നിറത്തിൽ മനുഷ്യരുടെ ശരീരങ്ങളും മൃഗങ്ങളുടെയും പക്ഷികളുടെയും ഉരഗങ്ങളുടെയും ശിരസ്സുകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 4.5 മീറ്റർ വീതിയുള്ള ഗുഹാചിത്രം കണ്ടെത്തിയത്.
പടക്കുന്തങ്ങളും കയറുകളുമാണ് ചിത്രങ്ങളിൽ തെളിയുന്നത്. പഠനറിപ്പോർട്ട് നേച്വർ മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്. പ്രാചീന ശിലായുഗകാലത്ത് 43,900 വർഷങ്ങൾക്കുമുമ്പ് വരച്ചതാണീ ചുണ്ണാമ്പിൽ തീർത്ത കലാരൂപമെന്നാണ് ആസ്േട്രലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയത്.
നേരത്തേ ഇന്തോനേഷ്യയിലെ ബൊർണിയോ ദ്വീപിൽനിന്ന് 40,000 വർഷം പഴക്കമുള്ള ഗുഹാചിത്രം കണ്ടെത്തിയിരുന്നു. ഗുഹാചിത്രങ്ങളുടെ ഉത്ഭവം യൂറോപ്പിലാണെന്നാണ് വർഷങ്ങളായി കരുതിയിരുന്നത്.
എന്നാൽ, ഇത് തെറ്റായിരുന്നെന്നാണ് ഇന്തോനേഷ്യയിലെ ഗുഹാചിത്രങ്ങൾ തെളിയിക്കുന്നത്. സുലവേസിയിൽ മാത്രം പുരാതനകാലത്തെ 242 ഗുഹകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.