കിഴക്കൻ ഗൂതയിൽ രാസായുധപ്രയോഗം
text_fieldsഡമസ്കസ്: സിറിയയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ കിഴക്കൻ ഗൂതയിലെ ദൂമ നഗരത്തിൽ ബശ്ശാർ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി നടന്ന രാസായുധപ്രയോഗത്തിൽ കുഞ്ഞുങ്ങളടക്കം നിരവധി പേർ കൊല്ലപ്പെട്ടതിെൻറ ദൃശ്യങ്ങൾ സന്നദ്ധ സംഘടനകൾ പുറത്തുവിട്ടു. 80 േലറെ പേർ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം സന്നദ്ധ സംഘടനയായ സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി (സാംസ്) സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് യു.എസ് ആരോപിച്ചു.
വായിൽനിന്ന് നുരയും പതയുമൊലിപ്പിച്ചുകിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെതുൾപ്പെടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. കുട്ടികൾക്ക് ഓക്സിജൻ നൽകിയും വെള്ളമൊഴിച്ച് ശരീരം തണുപ്പിച്ചും രാസായുധങ്ങളിൽ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ വിഡിയോകളും ദൂമയിൽനിന്ന് പാശ്ചാത്യ മാധ്യമങ്ങൾ പങ്കുവച്ചു. 150ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ വർധിക്കാനാണു സാധ്യതയെന്നും മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് റെസ്ക്യൂ സര്വിസ് ട്വീറ്റ് ചെയ്തു. സിവിലിയൻമാർക്കായി നിർമിച്ച ബോംബ് ഷെൽട്ടറിനു സമീപമായിരുന്നു രാസായുധ പ്രയോഗം. ഇതും ദുരന്തത്തിെൻറ വ്യാപ്തി കൂട്ടി.
അതേസമയം ഇൗ റിപ്പോർട്ടുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. രാസായുധം പ്രയോഗിച്ചെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് സിറിയൻ സർക്കാർ പ്രതികരിച്ചു. വാർത്ത സിറിയൻ വാർത്ത ഏജൻസിയായ സന നിഷേധിച്ചു. തകർച്ചയുടെ വക്കിലെത്തിയ വിമത സംഘമായ ജയ്ശുൽ ഇസ്ലാമും അവരുടെ മാധ്യമകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന വ്യാജ വാർത്തകളാണിതെന്നും സന പ്രതികരിച്ചു. വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ രാസായുധ പ്രയോഗം സ്ഥിരീകരിച്ചിട്ടില്ല.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ വൈറ്റ്ഹെൽമറ്റ് സംഘവും പുറത്തുവിട്ടു. മരണസംഖ്യ ഉയരാനാണ് സാധ്യത. രാസായുധം പ്രയോഗിച്ച് സ്വന്തം ജനതയെ കൊന്നൊടുക്കിയാണ് ബശ്ശാർ സർക്കാറിെൻറ വിജയകാഹളമെന്ന് യു.എസ് അപലപിച്ചു. സരീൻ, നെർവ് ഏജൻറ് എന്നീ മാരകമായ വിഷം നിറച്ച ബോംബുകൾ ഹെലികോപ്ടർ വഴി ദൂമയിൽ വർഷിക്കുകയായിരുന്നുവത്രെ. ആയിരത്തോളം പേർ അതിെൻറ ദുരിതം പേറുകയാണ്. രാത്രി മുഴുവൻ ആക്രമണം തുടർന്നതിനാൽ രക്ഷാപ്രവർത്തനവും സാധ്യമായില്ല.
2013ലും കിഴക്കൻ ഗൂതയിൽ രാസായുധം പ്രയോഗിച്ചിരുന്നു. ഇക്കാര്യം യു.എൻ ദൗത്യസംഘം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ആരാണതിനു പിന്നിലെന്ന് തെളിയിക്കാനായിട്ടില്ല. ആക്രമണത്തിനു പിന്നിൽ ബശ്ശാർ സൈന്യമാണെന്നതിൽ ഉറച്ചുനിൽക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. 2017 ഏപ്രിലിൽ വിമതഗ്രാമമായ ഖാൻ ശൈഖൂനിൽ നടന്ന രാസായുധപ്രയോഗത്തിൽ 80ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. യു.എന്നും രാസായുധ നിരായുധീകരണ സംഘവും നടത്തിയ അന്വേഷണത്തിൽ ആക്രമണത്തിെൻറ ഉത്തരവാദിത്തം ബശ്ശാർ സേനക്കാണെന്ന് കണ്ടെത്തിയിരുന്നു. 2018ലും വിമതഗ്രാമങ്ങളിൽ സൈന്യം രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന സന്നദ്ധസംഘടനകളുടെ ആരോപണത്തിൽ അന്വേഷണം നടക്കുകയാണ്. ഏഴുവർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ മൂന്നുതവണ സൈന്യം രാസായുധം പ്രയോഗിച്ചതായി സംയുക്ത അന്വേഷണ സമിതി കണ്ടെത്തുകയും ചെയ്തു.
രാസായുധപ്രയോഗം നീതീകരിക്കാനാവില്ല –മാർപാപ്പ
വത്തിക്കാൻ സിറ്റി: നിരപരാധികളുടെ നേർക്കുള്ള രാസായുധ പ്രയോഗം ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ആരാണ് അതിനു പിന്നിലെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കുർബാനക്കിടെ മാർപാപ്പ ആഹ്വാനം ചെയ്തു.
ഭരണാധികാരികളുടെയും സൈനിക മേധാവികളുടെയും മനംമാറ്റത്തിന് പ്രാർഥിക്കാൻ ആവശ്യപ്പെട്ട പാപ്പ അനുരഞ്ജനശ്രമങ്ങളിലൂടെ മാത്രമേ ലോകത്ത് സമാധാനം നിലനിൽക്കുകയുള്ളൂവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.