സിറിയയിലെ രാസായുധ പ്രയോഗം: അപലപിച്ച് ലോകം
text_fieldsഡമസ്കസ്: സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ കഴിഞ്ഞദിവസമുണ്ടായ രാസായുധ പ്രയോഗത്തെ ലോകവേദികളും രാഷ്ട്രങ്ങളും അപലപിച്ചു. ആക്രമണത്തെ യുദ്ധക്കുറ്റമായി പരിഗണിച്ച് അന്വേഷണം നടത്തുമെന്ന് യു.എൻ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയനും ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
അതിനിടെ, കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയതായി സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി അറിയിച്ചു. പ്രദേശത്ത് മെഡിക്കൽ സേവനം നടത്തുന്ന ഇൗ സംഘം കൊല്ലപ്പെട്ടവരിൽ 11പേർ കുട്ടികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 550 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം നൂറോളം വരുമെന്ന് സിറിയയിലെ സന്നദ്ധ കൂട്ടായ്മയായ വൈറ്റ് ഹെൽമറ്റ്സ് അറിയിച്ചു.ആക്രമണം നടത്തിയത് ആരാണെന്നത് അവ്യക്തമായി തുടരുന്നതിനിടെ സിറിയൻ സർക്കാറും വിമതരും, ഇവരെ പിന്താങ്ങുന്ന റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും പരസ്പരം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സിറിയൻ പ്രതിപക്ഷമായ സിറിയൻ ദേശീയസഖ്യം സർക്കാർ വിമാനങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു.
എന്നാൽ, ആരോപണം നിഷേധിച്ച ബശ്ശാർ സേന ഇത്തരം രാസായുധങ്ങൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ഭാവിയിലും പ്രയോഗിക്കില്ലെന്നും വ്യക്തമാക്കി. ബശ്ശാർ സേനയുടെ പ്രധാന സഖ്യരാജ്യമായ റഷ്യയും വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നത്. എന്നാൽ, പ്രദേശത്ത് റഷ്യൻ വിമാനങ്ങൾ ആക്രമണം നടത്തിയത് സ്ഥിരീകരിച്ചിട്ടുണ്ട്. രാസായുധം പ്രയോഗിച്ചത് പ്രദേശത്തെ ഭീകരരാണെന്നാണ് റഷ്യയുടെ വാദം.
ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പ്രതികരിച്ചു. എന്നാൽ, സംഭവത്തിന് പിന്നിൽ ആരാണെന്ന് സ്വതന്ത്രമായി പറയാൻ യു.എന്നിന് സംവിധാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണം യുദ്ധക്കുറ്റമാണെന്നും സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ അനുകൂലിക്കുന്ന റഷ്യയും ഇറാനും ഇതിന് ഉത്തരം നൽകേണ്ടി വരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സൺ പറഞ്ഞു. സിവിലിയന്മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും യൂറോപ്യന്‍ യൂനിയന്‍ കുറ്റപ്പെടുത്തി. അറബ് ലീഗും സിറിയയിൽ നടന്നത് വൻ കുറ്റമാണെന്ന് പ്രതികരിച്ചു. ബശ്ശാർ ഭരണകൂടത്തിെൻറ ആക്രമണം മൃഗീയമായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചു.
പ്രശ്നം ചർച്ചചെയ്യുന്നതിന് യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യു.എസും ബ്രിട്ടനും ഫ്രാൻസും ചേർന്ന് സമിതിയിൽ പ്രമേയം കൊണ്ടുവരും.
ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്രതലത്തിലുള്ള ഒരന്വേഷണത്തിന് സിറിയൻ സർക്കാർ അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടും. 2013ൽ തലസ്ഥാന നഗരിയായ ഡമസ്കസിന് സമീപത്തുണ്ടായ രാസായുധ പ്രയോഗത്തിനുശേഷം സിറിയയിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ചൊവ്വാഴ്ച രാവിലെ ഇദ്ലിബിലെ ഖാൻ ശൈഖൂനിലാണ് ആക്രമണമുണ്ടായത്. പ്രഭാതത്തോടടുത്ത സമയത്ത് വിമാനങ്ങൾ വരുന്നതിെൻറ ശബ്ദംകേട്ടാണ് ഉണർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നീട് കനത്തശബ്ദം കേട്ടതായും ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ലെന്നും ഇവർ പറഞ്ഞു.
പ്രശ്നങ്ങൾക്ക് കാരണം
ഒബാമയെന്ന് ട്രംപ്
വാഷിങ്ടൺ: സിറിയയിെല രാസായുധ പ്രയോഗത്തിൽ അപലപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രശ്നങ്ങൾക്ക് കാരണം തെൻറ മുൻഗാമി ഒബാമയുടെ ബലഹീനതയെന്ന് വിമർശിച്ചു. സിറിയൻ പ്രസിഡൻറ് ബശാർ അൽഅസദാണ് ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. 2012ൽ രാസായുധ പ്രയോഗങ്ങൾ അവസാനിപ്പിക്കാൻ നീക്കം നടത്തുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒന്നും ചെയ്യാനായില്ല. ലക്ഷ്യബോധമില്ലാത്ത അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളാണ് ഇൗ അവസ്ഥയിലെത്തിച്ചത് -ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.