50 ലക്ഷം അഭയാർഥികൾ ജീവിതത്തിനും മരണത്തിനുമിടയിൽ- സിറിയ
text_fieldsയുനൈറ്റഡ് േനഷൻസ്: ആറു വർഷം പിന്നിട്ട സിറിയൻ സംഘർഷത്തെ തുടർന്ന് രാജ്യത്തിനു പുറത്തേക്ക് പലായനം ചെയ്തവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. യു.എൻ അഭയാർഥി ഏജൻസിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പ്രസിഡൻറ് ബശ്ശാർ അൽ അസദിെൻറ രാജി ആവശ്യപ്പെട്ട് തുടങ്ങിയ ജനകീയ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയതോടെ, രാജ്യത്തെ പകുതി പേരും കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും കഴിഞ്ഞദിവസം ഏജൻസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അടുത്തിടെ, അഭയാർഥികളെ സ്വീകരിക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ കാണിച്ച വൈമനസ്യം പലായനം ചെയ്തവരുടെ ദുരന്തം ഇരട്ടിയാക്കി. അതിനാൽ യൂറോപ്പ് അതിെൻറ നയം തിരുത്തി അഭയാർഥികളെ സ്വീകരിക്കണമെന്നും ‘മനുഷ്യത്വം ബാലറ്റിൽ നിക്ഷേപിക്കരുതെ’ന്നും ഫ്രാൻസിലെയും ജർമനിയിലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സൂചിപ്പിച്ച് യു.എൻ ആവശ്യപ്പെട്ടു.
സിറിയൻ പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷ്യംവഹിക്കുമെന്ന മുന്നറിയിപ്പാണ് റിപ്പോർട്ട് നൽകുന്നത്. റഷ്യയുടെയും അമേരിക്കയുടെയുമെല്ലാം വ്യോമാക്രമണം ശക്തമായതോടെ സിറിയയിൽ കൂട്ടപ്പലായനമാണ് നടക്കുന്നത്. നിലവിൽ 63 ലക്ഷം സിറിയക്കാർ രാജ്യത്തിെൻറ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിർത്തി കടന്ന് യൂറോപ്പിലെത്തിയവരിൽ അരശതമാനം പേരെ പോലും അഭയാർഥികളായി അംഗീകരിച്ചിട്ടില്ല. 12 ലക്ഷം സിറിയക്കാർ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അഭയത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
ജർമനിയിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്- 2.7 ലക്ഷം. യൂറോപ്പിലെ തീവ്ര വലതുപക്ഷ വിഭാഗക്കാർ അഭയാർഥികൾക്ക് അംഗീകാരം നൽകുന്നതിന് എതിരാണ്. തീവ്ര വലതുപക്ഷത്തിന് ഇപ്പോൾ മേഖലയിൽ രാഷ്ട്രീയ മേൽക്കൈ വന്നതിനാൽ ജർമനി, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിലെ സർക്കാറുകൾ ഇവരുടെ സമ്മർദത്തിന് വഴങ്ങി അഭയാർഥികളെ തിരിച്ചയക്കുകയാണ്. ഇൗ രണ്ട് രാജ്യങ്ങളിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് യു.എൻ അഭയാർഥികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്ന് ഒാർമിപ്പിച്ചത്. മെഡിറ്ററേനിയൻ കടൽ കടന്ന് ഗ്രീസ് പോലുള്ള രാജ്യങ്ങളിലെത്തിയ സിറിയക്കാരും അഭയാർഥിത്വത്തിനായി കാത്തിരിക്കുകയാണ്.
ഏറ്റവും കുടുതൽ അഭയാർഥികളെ സ്വീകരിച്ച രാജ്യം തുർക്കിയാണ്. സിറിയയിൽനിന്നുള്ള 50 ലക്ഷത്തിൽ 30 ലക്ഷവും തുർക്കിയിലാണ് അഭയം തേടിയിരിക്കുന്നത്. ജോർഡനിൽ 6.5 ലക്ഷം സിറിയക്കാരുണ്ടെന്നാണ് യു.എൻ കണക്ക്. എന്നാൽ, ജോർഡൻ സർക്കാറിെൻറ കണക്കു പ്രകാരം രാജ്യത്ത് 13 ലക്ഷം സിറിയക്കാരുണ്ട്. നേരത്തേ, അമേരിക്കയടക്കമുള്ള രാജ്യങ്ങൾ സിറിയൻ അഭയാർഥികളെ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ 64,000 അഭയാർഥികളെ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ട്രംപ് അധികാരത്തിലെത്തിയതോടെ ഇതിെൻറ നടപടികൾ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.