പാലിക്കപ്പെടാത്ത കരാറുകൾ; ശാന്തമാകാതെ സിറിയ
text_fieldsഡമസ്കസ്: സിറിയയിലെ രക്തച്ചൊരിച്ചിലിന് ഏഴു വർഷം പൂർത്തിയാകുന്നു. രാജ്യത്തെ നാശോന്മുഖമാക്കിയ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ റഷ്യയുടെയും മറ്റു രാജ്യങ്ങളുടെയും സ്പോൺസർഷിപ്പിൽ നിരവധി വെടിനിർത്തൽ കരാറുകൾ പ്രഖ്യാപിക്കുന്നുണ്ട്. ഒരിക്കലും പാലിക്കപ്പെടാത്തതിനാൽ ആ കരാറുകളുടെ ആത്മാർഥതയിൽ സംശയം പ്രകടിപ്പിക്കുകയാണ് സിറിയൻ ജനത. അടുത്തിടെ രണ്ടു വെടിനിർത്തൽ കരാറുകളാണ് രാജ്യത്ത് പ്രഖ്യാപിച്ചത്. സിറിയയിലുടനീളം 30 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി ശനിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. പ്രമേയം ബശ്ശാർ ഭരണകൂടം അംഗീകരിച്ചിട്ടില്ല.
പിന്നാലെയാണ് റഷ്യയുടെ മാധ്യസ്ഥ്യത്തിൽ വിമതഗ്രാമമായ കിഴക്കൻ ഗൂതയിൽ ചൊവ്വാഴ്ച അഞ്ചു മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചത്. രോഗികളായവരും പരിക്കേറ്റവരുമുൾപ്പെടെയുള്ളവരെ ഒഴിപ്പിക്കാനാണ് ബശ്ശാർ സേനയുമായി ധാരണയിലെത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവിടെ കുടുങ്ങിക്കിടക്കുന്നവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കാനാണ് റഷ്യൻ പിന്തുണയോടെ ബശ്ശാർ സേന നടത്തുന്ന ആക്രമണം അഞ്ചു മണിക്കൂർ നിർത്തിവെച്ചതെന്നായിരുന്നു റിപ്പോർട്ട്. തൽഫലമായി ഏതാനും മണിക്കൂറുകൾ മാത്രം കിഴക്കൻ ഗൂത വെടിയൊച്ചകൾ നിലച്ച് ശാന്തമായി. തിങ്കളാഴ്ച അർധരാത്രി കിഴക്കൻ ഗൂത ശാന്തമായിരുന്നുവെന്ന് മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങളും അറിയിച്ചു. എന്നാൽ, ചൊവ്വാഴ്ച രാവിലെയോടെ കാര്യങ്ങൾ പഴയപടിയായി. ഉച്ചയോടെ ആക്രമണം കൂടുതൽ രൂക്ഷമായി.
ബശ്ശാർ ഭരണകൂടത്തിൽ റഷ്യയുടെ സ്വാധീനം കുറയുന്നതിെൻറ സൂചന കൂടിയാണ് ഇൗ ആക്രമണങ്ങൾ. രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന് റഷ്യ അവകാശപ്പെടുേമ്പാഴും മറുഭാഗത്ത് ആക്രമണം തുടരുകയാണെന്ന് തദ്ദേശവാസികളും സന്നദ്ധപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. യുദ്ധവിമാനങ്ങളുടെ എണ്ണം മാത്രം കുറച്ചിട്ടുണ്ട്. എന്നാൽ, ഷെല്ലാക്രമണവും റോക്കറ്റാക്രമണവും തുടരുകയാണ്. റഷ്യയുടെയും ബശ്ശാർ സേനയുടെയും വെടിനിർത്തൽ കരാറിൽ വിശ്വാസമില്ലാത്തതിനാൽ ആരും മേഖലയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തദ്ദേശവാസികൾ പറഞ്ഞു. കിഴക്കൻ ഗൂതയിൽ ഫെബ്രുവരി 18 മുതൽ ബശ്ശാർ സേന തുടരുന്ന ആക്രമണത്തിൽ അഞ്ഞൂറിലേറെ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ ഗൂത ഭൂമിയിലെ നരകമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ വിമർശിച്ചിരുന്നു. വിമതരുടെ അവസാന ശക്തികേന്ദ്രമായ ഡമസ്കസിനടുത്ത കിഴക്കൻ ഗൂത 2013 മുതൽ സർക്കാർ ഉപരോധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.