ഗൂതയിൽ ബശ്ശാർ സേനക്ക് മുന്നേറ്റം; കുരുതി തുടരുന്നു
text_fieldsഡമസ്കസ്: സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിനു സമീപത്തെ കിഴക്കൻ ഗൂതയിൽ പ്രസിഡൻറ് ബശ്ശാർ അൽ അസദിെൻറ സേനക്ക് മുന്നേറ്റം. വിമത നിയന്ത്രണത്തിലുള്ള 10 ശതമാനം ഭൂമി തിരിച്ചുപിടിച്ചതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. യു.എൻ ഇടപെട്ട് 30 ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആക്രമണം ശക്തമായി തുടരുന്നത് പ്രദേശത്ത് മാനുഷിക ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
2013 മുതൽ സർക്കാർ സേന ഉപരോധം തുടരുന്ന കിഴക്കൻ ഗൂതയിൽ നാലു ലക്ഷത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള അടിയന്തര മരുന്നുകളും ഭക്ഷ്യവസ്തുക്കളും കുറഞ്ഞുവരുന്നത് മരണ സംഖ്യ ഉയർത്തുമെന്നാണ് ആശങ്ക.
വിമതർ ഭരിക്കുന്ന അവസാന പട്ടണങ്ങളിലൊന്നായ ഗൂത തിരിച്ചുപിടിക്കുംവരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബശ്ശാർ സേന. 150 കുട്ടികളടക്കം 700 ഒാളം പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സിവിലിയന്മാരും മരിച്ചവരിൽപെടും.
ഫെബ്രുവരി 18ന് ആരംഭിച്ച ആക്രമണത്തിൽ നാലു പ്രദേശങ്ങൾ വിമതർക്ക് നഷ്ടമായതായാണ് റിപ്പോർട്ട്. കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളിലാണ് ബശ്ശാർ സേനയുടെ മുന്നേറ്റം. ഇവിടെ രണ്ടു വ്യോമതാവളങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ, തന്ത്രപ്രധാന പ്രദേശങ്ങൾക്കുമേൽ നിയന്ത്രണമുറപ്പിക്കാൻ സർക്കാറിനായിട്ടില്ലെന്നും പോരാട്ടം ശക്തമായി തുടരുകയാണെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.