കിഴക്കൻ ഗൂതയിൽനിന്ന് കൂട്ടപ്പലായനം തുടരുന്നു
text_fieldsഡമസ്കസ്: ബശ്ശാർ സേന വ്യോമാക്രമണം തുടരവെ, സിറിയയിലെ വിമതഗ്രാമമായ കിഴക്കൻ ഗൂതയിൽനിന്ന് കൂട്ടപ്പലായനം. വിവിധ നഗരങ്ങളിൽനിന്നായി അരലക്ഷത്തോളം പേരാണ് ഒഴിഞ്ഞുപോയത്. വെള്ളിയാഴ്ച രാവിലെയോടെ 2000ത്തോളം ആളുകൾ കൂട്ടമായി പലായനം ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹമൂരിയ നഗരത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഒഴിഞ്ഞുപോയത്. സൈന്യവും വിമതരും തമ്മിലെ പ്രധാന പോരാട്ടകേന്ദ്രമാണിത്. ഹമൂരിയ മുഴുവൻ സൈന്യം വളഞ്ഞിരിക്കയാണിപ്പോൾ. ‘‘ഒരു നേരെത്ത ഭക്ഷണം പോയിട്ട് കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല, മരുന്നില്ല... ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാൻ. കുഞ്ഞുങ്ങൾ തളർന്നു കരയുകയാണ്’’ -തദ്ദേശവാസികളിെലാരാൾ പറഞ്ഞു. സുരക്ഷിത കേന്ദ്രങ്ങളിലെത്താൻ വാഹനങ്ങൾ കാത്തുകഴിയുകയാണ് സംഘം. ഏഴുവർഷത്തെ ആഭ്യന്തരയുദ്ധത്തിനിടെ ആദ്യമായാണ് ഇത്രയധികം പേർ ഒന്നിച്ച് ജീവനുംകൊണ്ട് പലായനം ചെയ്യുന്നത്. കൂടുതൽ പേരും അടുത്തുള്ള ഗ്രാമങ്ങളിലാണ് അഭയം തേടുന്നത്.
വ്യാഴാഴ്ച മാത്രം 12,000 ആളുകൾ ഒഴിഞ്ഞുപോയതായി റഷ്യ പറഞ്ഞു. നിരവധി പേർ അഭയംതേടിയ കിഴക്കൻ ഗൂതയിലെ ദൂമയിലും പോരാട്ടം രൂക്ഷമാണ്. കുർദിഷ് അധീനമേഖലയായ അഫ്രിൻ നഗരത്തിൽ തുർക്കി സേനയുടെ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ഇവിടെനിന്ന് 2500ഒാളം ആളുകളെ നിർബന്ധിതമായി ഒഴിപ്പിച്ചു. അതിനിടെ, വെള്ളിയാഴ്ച രാവിലെ കഫ്ർ ബാത്ന ജില്ലയിൽ വ്യോമാക്രമണത്തിൽ ആറു കുട്ടികളടക്കം 41 സിവിലിയന്മാർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ അറിയിച്ചു.
ഇതോടെ സൈന്യത്തിെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1250 ആയി. അന്താരാഷ്ട്ര റെഡ്ക്രോസ് ഭക്ഷ്യസാധനങ്ങൾ നിറച്ച 25 ട്രക്കുകൾക്ക് ഗൂതയിലേക്ക് അനുമതി നൽകിയിരുന്നു. ഏതാണ്ട് ഒന്നരലക്ഷത്തോളം ആളുകൾക്ക് അതെത്രത്തോളം ഫലപ്രദമാവുമെന്ന് അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.