സിറിയയില്‍ സമാധാനം ഇനിയും അകലെ
text_fieldsമോസ്കോ: സിറിയയില്‍ സമാധാനശ്രമങ്ങള്‍ക്കായി ജനീവയില്‍ യു.എന്‍ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. സിറിയന്‍ വിഷയത്തില്‍ മധ്യസ്ഥശ്രമവുമായി രംഗത്തുള്ള റഷ്യയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ സിറിയന്‍ വിമതരുമായി വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് നടത്തിയ ചര്‍ച്ചക്കുശേഷമാണ് ജനീവ യോഗം മാറ്റിവെച്ചതായി അറിയിച്ചത്. ഫെബ്രുവരി അവസാനം ഒരുപക്ഷേ യോഗം നടക്കുമെന്നാണ് കരുതുന്നത്. അതേസമയം, ചര്‍ച്ച മാറ്റിവെച്ച വിവരം സ്ഥിരീകരിക്കാന്‍ യു.എന്‍ അധികൃതര്‍ തയാറായില്ല.
റഷ്യ, തുര്‍ക്കി ഇടപെടലിനെ തുടര്‍ന്ന്, ഡിസംബര്‍ 30ന് സിറിയയില്‍ വെടിനിര്‍ത്തലിന് വിമതരും സൈന്യവും ധാരണയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം കസാഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഇരുപക്ഷത്തെയും ചര്‍ച്ചക്കു ക്ഷണിച്ചത്. ചര്‍ച്ചക്കത്തെിയെങ്കിലും ഇരുകൂട്ടരും ഒന്നിച്ചിരുന്നുള്ള സംഭാഷണത്തിന് തയാറായില്ല. വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്ന് പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു വിമതരും സര്‍ക്കാറും. ഇതോടെ, അസ്താന ചര്‍ച്ച പരാജയപ്പെട്ടു. എങ്കിലും ജനീവയില്‍ ചര്‍ച്ച തുടരാമെന്ന ധാരണയിലായിരുന്നു പിരിഞ്ഞത്. ഇപ്പോള്‍ ജനീവ ചര്‍ച്ചയും നീട്ടിവെച്ചതോടെ, സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അതിനിടെ, സെര്‍ജി ലാവ്റോവ് സിറിയന്‍ വിമതരുമായി നടത്തിയ ചര്‍ച്ച വിജയമായിരുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷനല്‍ കൊയലീഷന്‍ ഫോര്‍ സിറിയന്‍ റെവലൂഷനി ആന്‍ഡ് ഒപ്പോസിഷന്‍ എന്ന സംഘടന ഒഴികെയുള്ള ഏതാണ്ടെല്ലാ വിമതരും മോസ്കോയിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.