ഇന്ത്യ പുറത്താക്കിയ യോഗ ഗുരു ലൈംഗിക പീഡന വിവാദത്തിൽ
text_fieldsബാേങ്കാക്: സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിൽ ഇന്ത്യയിൽ വിഹരിച്ച വിദേശ യോഗ ഗുരു തായ്ലൻഡിൽ പീഡന വിവാദത്തിൽ. ഡസനിലേറെ വനിതകളാണ് നാർസിസ് തർകാവോ എന്ന് യഥാർഥ പേരുള്ള വ്യാജ ഗുരുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിലാണ് താർകോ അറിയപ്പെടുന്നത്.
തായ്ലൻഡിലെ കോ ഫൻഗാൻ എന്ന ദ്വീപിൽ ‘ആഗമ’ എന്ന പേരിൽ യോഗ സ്കൂൾ സ്ഥാപിച്ച് അതിലൂടെയാണ് തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്ന് ഇവർ പറഞ്ഞു. വിസ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് 2003ൽ ഇന്ത്യയിലെ ഋഷികേശിൽനിന്നു കടന്നുകളഞ്ഞ ഇൗ റുമാനിയൻ സ്വദേശി തായ് ദ്വീപിൽ ആശ്രമം തുടങ്ങുകയായിരുന്നു. ബ്രിട്ടൻ, ആസ്ട്രേലിയ, ബ്രസീൽ, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രണ്ട് പുരുഷൻമാർ അടക്കം 14 പേരാണ് ബലാത്സംഗവും സ്ത്രീവിരുദ്ധമായ അധ്യാപനങ്ങളും അടക്കമുള്ളവ ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
‘ജ്ഞാനോദയം’ നേടാൻ എന്ന് വിശ്വസിപ്പിച്ച് നൂറു കണക്കിന് സ്ത്രീകളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി അവരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും ഇവർ ആരോപിക്കുന്നു. പരാതികൾ പുറത്തുവരാൻ തുടങ്ങിയതോടെ കഴിഞ്ഞ ജൂലൈയിൽ നാർസിസ് ദ്വീപിലെ ആശ്രമത്തിൽനിന്ന് കടന്നുകളഞ്ഞതായും റിപ്പോർട്ടുണ്ട്. 2003ൽ സ്ഥാപിച്ചതു മുതൽ ‘ആഗമ’ ലോകത്തിലെ ഏറ്റവും വലിയ താന്ത്രിക് സ്കൂൾ എന്ന നിലയിൽ വളർന്നു.
യോഗയിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും അധ്യാപക പരിശീലന കോഴ്സുകളും നടത്തിയിരുന്നു. തായ്ലൻഡിലെ പ്രധാന കേന്ദ്രത്തിനു പുറമെ, ഇന്ത്യ, കൊളംബിയ, ഒാസ്ട്രിയ എന്നീ രാജ്യങ്ങളിൽ ശാഖകളും പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.