പാകിസ്താനിൽ മിനി ബസ് ട്രെയിനുമായി കൂട്ടിയിടിച്ച് 20 സിഖ് തീർഥാടകർ മരിച്ചു
text_fieldsലാഹോർ: മിനി ബസ് ആളില്ലാ ലെവൽ ക്രോസിൽ ട്രെയിനുമായി കൂട്ടിയിടിച്ച് 20 സിഖ് തീർഥാടകർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലാഹോറിൽ നിന്ന് 60 കിലോമീറ്റർ മാറി പഞ്ചാബ് പ്രവിശ്യയിലെ ഫാറൂഖാബാദ് ലെവൽ ക്രോസിൽ വെള്ളിയാഴ്ച ഉച്ചക്ക് 1.30നായിരുന്നു അപകടം.
ഫാറൂഖാബാദിലെ ഗുരുദ്വാരയായ സച്ചാ സൗദയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച മിനി ബസ് കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പോവുകയായിരുന്ന ഷാ ഹുസൈൻ എക്സ്പ്രസുമായി ആളില്ലാ ലെവൽ ക്രോസിൽ കൂട്ടിയിടിക്കുകയായിരുന്നു.
പെഷവാറിലെ തീർഥാടക കേന്ദ്രമായ നൻകന സാഹിബിൽ നിന്ന് പെഷവാറിലേക്ക് തിരികെ വരികയായിരുന്നു സംഘമെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ജില്ല ആസ്ഥാനത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചതായി റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് വാർത്തകുറിപ്പിൽ അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ഉത്തരവിട്ടു. ഡിവിഷനൽ എൻജിനീയറെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തതായും റെയിൽവേ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തിൽ അനുശോചിച്ചു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.