പാക് മുൻ പ്രസിഡൻറ് സർദാരിക്കും സഹോദരിക്കും യാത്രാവിലക്ക്
text_fieldsഇസ്ലാമാബാദ്: മുൻ പ്രസിഡൻറും പാകിസ്താൻ പീപ്പ്ൾസ് പാർട്ടി(പി.പി.പി) നേതാവുമായ ആസിഫലി സർദാരിയും സഹോദരി ഫർയാൽ തൽപൂറും രാജ്യവിടുന്നതിന് വിലക്ക്. വ്യാജ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണിതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരുൾപ്പെടെ 20 പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ പട്ടിക പുറത്തുവിട്ടതായി ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാജ ബാങ്ക് അക്കൗണ്ടുള്ളവരും അതിെൻറ ഗുണഭോക്താക്കളായ 13 പേരും ജൂലൈ 13ന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സർദാരി, തൽപൂർ, താരീഖ് സുൽത്താൻ, ഇറം അഖ്വീൽ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അരെയ്ൻ എന്നിവരും കോടതിയിൽ ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്.
ഇവരെ നിരീക്ഷിക്കാൻ സിന്ധ് പ്രവിശ്യ ഇൻസ്പെക്ടർ ജനറലിന് നിർദേശവും നൽകിയിട്ടുണ്ട്. ഏഴു ആളുകളുടെ പേരിലായി 29വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഫെഡറൽ അന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. സമ്മിറ്റ് ബാങ്കിൽ മാത്രം 19 വ്യാജ അക്കൗണ്ടുകളുണ്ട്. കള്ളപ്പണം വെളുപ്പിക്കാനാണ് ഇൗ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. ജൂലൈയിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ സർദാരി മത്സരിക്കുന്നുണ്ട്. 2007ൽ ബേനസീർ ഭുേട്ടായുടെ വധത്തിനുശേഷമാണ് സർദാരി രാഷ്ട്രീയത്തിൽ ശോഭിച്ചത്. 2008 മുതൽ 2013വരെ പാക് പ്രസിഡൻറ്പദവിയിലിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.